തിരുവനന്തപുരം: കോടികൾ നഷ്ടം സമ്മാനിച്ച തീയറ്റർ ഉടമകളുടെ സമരത്തിന് ശേഷം മലയാള സിനിമാ വ്യവസായം കരകയറാൻ തുടങ്ങുന്നേയുള്ളൂ. സിനിമാ സമരത്തിന് ശേഷം ആദ്യം റിലീസായ ചിത്രം സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ജോമോന്റെ സുവിശേഷങ്ങൾ' ആയിരുന്നു. പിന്നാലെ ഇന്നലെ മോഹൻലാൽ ചിത്രം 'മുന്തിരി വള്ളികൾ തളിർക്കുമ്പോഴും' പുറത്തിറങ്ങി. ആവേശം തീർത്ത പുലിമുരുകൻ സിനമയ്ക്ക് ശേഷം ബോക്‌സോഫീസിന് ആവേശം പകരുന്ന തുടക്കം തന്നെയാണ് രണ്ട് ചിത്രങ്ങൾക്കും ലഭിച്ചത്. മികച്ച കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എന്നതു തന്നെയായിരുന്നു ഈ രണ്ട് ചിത്രങ്ങളെയും വേറിട്ടു നിർത്തുന്നത്.

ദുൽഖർ സൽമാൻ നായകനായ ചിത്രത്തിന് ബോക്‌സോഫീസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാൽ ചിത്രവും മികച്ച അഭിപ്രായം തേടി മുന്നേറുന്നു. ആദ്യദിന കലക്ഷനിൽ ദുൽഖർ ചിത്രത്തേക്കാൾ മുന്നിലാണ് മോഹൻലാൽ ചിത്രം. എന്നാൽ, മൾട്ടിപ്ല്ക്‌സുകളിലെ കലക്ഷന്റെ കാര്യത്തിൽ ജോമോനാണ് മുന്നിൽ. പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ചിത്രം ആദ്യദിന കലക്ഷനിൽ 4 കോടിയിൽ അധികം നേടിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമറിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ഇതുവരെയുള്ള ആദ്യദിന കലക്ഷൻ റെക്കോർഡിൽ മോഹൻലാൽ ചിത്രമായ പുലിമുരുകനാണ് മുന്നിൽ. 4.8 കോടിയായിരുന്നു ബോക്‌സോഫീസിൽ നിന്നു ആദ്യദിനം പുലിമുരുകൻ കലക്ട് ചെയ്തത്.

പുലിമുരുകനേക്കാൾ കൂടുതൽ തീയറ്ററുകളിൽ മുന്തിരിവള്ളികൾ റിലീസ് ചെയ്തിരുന്നു. 330 തിയേറ്ററുകൽലാണ് പുലിമുരുകൻ റിലീസ് ചെയ്തത്. ഇതുവരെ ചിത്രം വാരിക്കൂട്ടിയത് 150 കോടി രൂപയും. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ 337 തിയേറ്ററുകളിലാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ആദ്യദിനം തന്നെ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചു. ഇതോടെ ഹാട്രിക് വിജയമാണ് മോഹൻലാൽ ലക്ഷ്യമിടുന്നതും. 2016ലെ രണ്ട് മലയാളം റിലീസുകളിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം 60 കോടി പിന്നിടുകയും പുലിമുരുകൻ 150 കോടിയും നേടുകയുണ്ടായുണ്ടായി.

ബോക്‌സോഫീസ് കലക്ഷനിൽ ദുൽഖർ ചിത്രവും ഒട്ടും പിന്നിലല്ല, ആദ്യദിനം 2.71 കോടി രൂപയുടെ കലക്ഷൻ ചിത്രം നേടിയതായാണ് റിപ്പോർട്ട്. ഇത് മാത്രമല്ല, മൾട്ടിപ്ലക്‌സ് കലക്ഷനിലും മുന്നിലാണ്. കൊച്ചിയിലെ മൾട്ടിപ്ലക്‌സുകളിലെ ആദ്യദിന കലക്ഷന്റെ കാര്യത്തിൽ ഇതുവരയുള്ള ചിത്രങ്ങളെ എല്ലാം മറികടന്നാണ് ജോമോന്റെ സുവിശേഷങ്ങൾ ഒന്നാമതെത്തിയത്. 17.63 ലക്ഷമായിരുന്നു ചാർലിയുടെ ആദ്യദിന കളക്ഷൻ. ചാർലി, ആക്ഷൻ ഹീറോ ബിജു, കലി, പുലിമുരുകൻ എന്നീ ചിത്രങ്ങളാണ് കൊച്ചി മൾട്ടിപ്ലെക്‌സുകളിലെ ആദ്യദിനകളക്ഷനിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള ചിത്രങ്ങൾ.

അതേസമയം മുന്തിരിവള്ളികൾ റിലീസ്ദിനത്തിൽ നേടിയത് 11.43 ലക്ഷവും. പക്ഷേ മോഹൻലാൽ ചിത്രം തീയേറ്ററുകളിലെത്തിയ വെള്ളിയാഴ്ച ദുൽഖർ ചിത്രത്തിന്റെ കളക്ഷനിൽ ഇടിവ് സംഭവിച്ചു. ഒപ്പത്തിനൊപ്പമായിരുന്നു കൊച്ചി മൾട്ടിപ്ലെക്‌സുകളിലെ കളക്ഷന്റെ കാര്യത്തിൽ വെള്ളിയാഴ്ച ഇരുചിത്രങ്ങളും. ഫോറം കേരളയുടെ കണക്കുപ്രകാരം 11.44 ലക്ഷമാണ് 'ജോമോന്റെ' വെള്ളിയാഴ്ചത്തെ കളക്ഷൻ. 'മുന്തിരിവള്ളികളു'ടേത് 11.43 ലക്ഷവും. പക്ഷേ തീയേറ്റർ ഒക്കുപ്പൻസിയിൽ മോഹൻലാൽ ചിത്രമായിരുന്നു മുന്നിൽ. മുന്തിരിവള്ളികളുടെ 88 ശതമാനം ടിക്കറ്റുകളും വിറ്റുപോയപ്പോൾ ജോമോന്റെ പ്രദർശനങ്ങളുടെ 74 ശതമാനം ടിക്കറ്റുകൾ വിറ്റു. പ്രദർശനങ്ങളുടെ എണ്ണക്കൂടുതൽ കാരണമാണ് ജോമോൻ മോഹൻലാൽ ചിത്രത്തേക്കാൾ കളക്ഷനിൽ ഉയർന്നുനിന്നത്.

ശനിയാഴ്ചത്തെ കണക്ക് പ്രകാരം കൊച്ചി മൾട്ടിപ്ലെക്‌സുകളിൽ ജോമോന് 36 പ്രദർശനങ്ങളുണ്ട്. മുന്തിരിവള്ളികൾക്ക് 29ഉും. പക്ഷേ സാധാരണ തീയേറ്ററുകളിൽ രണ്ട് സ്‌ക്രീനുകളിലായി എട്ട് പ്രദർശനങ്ങളുണ്ട് മോഹൻലാൽ ചിത്രത്തിന്. ദുൽഖർ സിനിമ ഒരു തീയേറ്ററിൽ നാല് പ്രദർശനങ്ങളും.

'ജോമോന്റെ സുവിശേഷങ്ങളിൽ ഡോ: ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥയൊരുക്കിയ ചിത്രത്തിൽ അൾഫോൻസ് പുത്രന്റെ പ്രേമത്തിലൂടെ മേരിയായി എത്തിയ അനുപമ പരമേശ്വരൻ നായികയാവുന്നു. ദൃശ്യത്തിനുശേഷം മോഹൻലാലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടി മീനയും ഒരുമിക്കുന്നുവെന്നതാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോളിന്റെ പ്രത്യേകത. വി.ജെ.ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജിന്റേതാണ്. ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹൻലാലും ഭാര്യ ആനി എന്ന കഥാപാത്രമായി മീനയും എത്തുന്നു. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമ്മാണം.

ഡിസംബർ 22 ന് തീയേറ്ററുകളിലെത്തിക്കാനായി ചാർട്ട് ചെയ്തിരുന്ന ചിത്രം അപ്രതീക്ഷിത സിനിമാസമരം കാരണം ഒരു മാസത്തോളം വൈകുകയായിരുന്നു. കേരളത്തിന് പുറത്തും വരും ദിവസങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.