കൊച്ചി: തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് ക്യാപ്ടൻ പിണറായിക്ക് വാട്ടർലൂ ആയി. മുഖ്യമന്ത്രിയും സന്നാഹങ്ങളും ഒരുമിച്ചു നിന്നാണ് തെരഞ്ഞെടുപ്പിനെ നയിച്ചത്. മറുവശത്ത് യുഡിഎഫിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു നയിച്ചത്. സതീശന്റെ നേതൃപാഠവത്തിന്റെ അംഗീകാരം കൂടിയായി മാറി ഈ തെരഞ്ഞെടുപ്പു വിജയം. അതുകൊണ്ട് തന്നെ തൃക്കാക്കരയിൽ മറ്റൊരു ക്യാപ്ടനെ ലഭിച്ചിരിക്കയാണ്.

ഉമ തോമസിന്റെ ലീഡ് ഉയരുന്ന സാഹചര്യത്തിൽ തൃക്കാക്കരയിലെ 'ഒറിജിനൽ ക്യാപ്റ്റന്' അഭിവാദ്യമർപ്പിച്ചിരിക്കുകയാണ് ഹൈബി ഈഡൻ എം പി രംഗത്തുവന്നു. ഫേസ്‌ബുക്കിൽ വി ഡി സതീശനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. 'പിന്നിൽ ചേർന്ന് നടക്കാൻ ഇഷ്ടമാണ്..ക്യാപ്റ്റൻ (ഒറിജിനൽ) ' എന്ന് അദ്ദേഹം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം മറ്റ് പ്രമുഖ നേതാക്കളെത്തിയായിരുന്നു തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്കായി പ്രചരണം നടത്തിയിരുന്നത്.

അതേസമയം ഉമ ലീഡെടുത്തതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ആഹ്‌ളാദം പ്രകടിപ്പിച്ചു. ആദ്യറൗണ്ടിൽ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെയാണ് ആവേശഭരിതരായ കോൺഗ്രസ് പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയത്. പിടി തോമസിനെ വാഴ്‌ത്തിയും ഉമാ തോമസിനെ അഭിനദിച്ചുമുള്ള മുദ്രാവാക്യം വിളിയിൽ പിന്നീട് കാര്യമായി പരമാർശിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വിട്ട് എൽഡിഎഫിലേക്ക് പോയ മുതിർന്ന നേതാവ് കെ.വി.തോമസാണ് നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു തോമസിനോടുള്ള പ്രവർത്തകരുടെ മുദ്രാവാക്യം.

നാലാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കഴിഞ്ഞ തവണ പിടി തോമസ് നേടിയതിലും ഇരട്ടി വോട്ടുകളാണ് ഉമ ലീഡായി പിടിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞതവണ പിടി തോമസ് ലീഡിൽ പിന്നോട്ട് പോയ ചില മേഖലകളാണ് അഞ്ചാം റൗണ്ടിൽ എണ്ണാനുള്ളത്. ഇവിടെ വോട്ടെണ്ണി കഴിയുമ്പോൾ ഉമ പിന്നോട്ട് പോയാലും പിടിയേക്കാൾ മികച്ച ഭൂരിപക്ഷത്തിലേക്ക് ഉമ നീങ്ങും എന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. തൃക്കാക്കരയിലെ കൊച്ചി നഗരസഭയുടെ ഭാഗമായ മേഖലകളിലാണ് ഇപ്പോൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. നഗരമേഖലയിലെ വോട്ടെണ്ണൽ തീരുമ്പോൾ തന്നെ ഉമാ തോമസിന്റെ ലീഡ് 15,000-ത്തിന് മുകളിലേക്കെത്തും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

അതേസമയം തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ പ്രതികരിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് തയ്യാറായില്ല. സിപിഎം എറണാകുളം ആസ്ഥാനമന്ദിരമായ ലെനിൻ സെന്ററിലുണ്ടായിരുന്ന ഡോ.ജോ ജോസഫ് നാലാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞതിന് പിന്നാലെ സെക്രട്ടറിയുടെ ഓഫീസിന് പുറത്തേക്ക് പോയി. അൽപസമയം കഴിഞ്ഞ് പ്രതികരിക്കാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഇതിനിടെ എത്തിയ സിപിഎം സംസ്ഥാന സമിതി അംഗം ദിനേശ് മണി മാധ്യമപ്രവർത്തകരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.