- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കും ബാഗും നോട്ട്ബുക്കുകളും; ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ടിവി; ലോകഡൗൺ കാലത്ത് വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ്; അറിയാം എടവനക്കാടിന്റെ എല്ലാമായ ഹിദായത്ത് സ്കൂളിനെക്കുറിച്ച്
എറണാകുളം: പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കും ബാഗും നോട്ട്ബുക്കുകളും, ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് ടിവി, ലോകഡൗൺ കാലത്ത് വിദ്യാർത്ഥികളുടെ കുടുംബത്തിന് ഭക്ഷ്യകിറ്റ് കേൾക്കുമ്പോൾ ഒരു ജില്ലയോ പഞ്ചായത്തോ ജനങ്ങൾക്കായി അനുവദിച്ചതാണ് ഇതെന്ന് തോന്നുന്നുണ്ടോ.. എങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരു വിദ്യാലയം അവിടുത്തെ വിദ്യാർത്ഥികൾക്കായി ചെയ്ത സഹായങ്ങളുടെ വളരെ ചെറിയ ലിസ്റ്റാണ് ഇത്.എറണാകുളം ജില്ലയിലെ എടവനക്കാടിന്റെ സ്വന്തം സ്‌കുളായ ഹിദായത്ത് സ്‌കുളാണ് അദ്ധ്യാപനത്തിനൊപ്പം സേവനത്തിന്റെയും ഈ വേറിട്ട മാതൃക തീർക്കുന്നത്.
ഭൂരിഭാഗവും സാധാരണക്കാരായ മത്സ്യത്തൊളിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും മക്കളാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ.അതുകൊണ്ട് തന്നെ പ്രളയക്കെടുതിയും കോവിഡുമൊക്കെ മാറിമാറി ആക്രമിച്ച എടവനക്കാടിന്റെ കഴിഞ്ഞ ഒന്നര വർഷത്തെ ജീവിതം ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂളിനെ (എച്ച്‌ഐഎച്ച്എസ്എസ്) ചുറ്റിപ്പറ്റിയായിരുന്നു. രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്‌കുളിന്റെ ഭാഗമായുള്ളത്.
കഴിഞ്ഞ ജൂണിൽ അധ്യയന വർഷം തുടങ്ങിയപ്പോൾ, പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള രണ്ടായിരത്തോളം കുട്ടികൾക്കും ബാഗും നോട്ട്ബുക്കുകളും നൽകിയതു സ്‌കൂളാണ്. ചെലവായ 8 ലക്ഷം രൂപയിൽ നാലേകാൽ ലക്ഷവും അദ്ധ്യാപകർ നൽകി. ബാക്കി പിടിഎയും പൂർവവിദ്യാർത്ഥികളും മാനേജ്‌മെന്റും ചേർന്നു സംഘടിപ്പിച്ചു.ഫസ്റ്റ് ബെൽ ക്ലാസ് തുടങ്ങിയപ്പോൾ വീണ്ടും പ്രശ്‌നം. ഒട്ടേറെ കുട്ടികൾക്കു സൗകര്യങ്ങളില്ല. അദ്ധ്യാപകരും പിടിഎയും രംഗത്തിറങ്ങി. നാട്ടിലും മറുനാട്ടിലും സഹായം തേടി. അങ്ങനെ 109 കുട്ടികൾക്കു പുതിയ ടിവി, 7 പേർക്കു ടാബ്, 23 കേബിൾ ടിവി / ഡിടിഎച്ച് കണക്ഷൻ. അങ്ങനെ ഫസ്റ്റ് ബെല്ലിൽ സമ്പൂർണ ഹാജർ.
ഇവിടെക്കൊണ്ടൊന്നും തീരുന്നില്ല സ്‌കുളിന്റെ ഇടപെടൽ.മുക്കാൽ ലക്ഷം രൂപയുടെ ഭക്ഷ്യക്കിറ്റുകൾ പലപ്പോഴായി നൽകി എല്ലാ വീട്ടിലും അടുപ്പു പുകയുന്നുവെന്ന് ഉറപ്പാക്കി. 165 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ചികിത്സാ സഹായമായി സ്റ്റാഫ് വെൽഫെയർ ഫണ്ടിൽനിന്നു മാത്രം 5.75 ലക്ഷം രൂപ ചെലവഴിച്ചു. ആശുപത്രി ബിൽ അടയ്ക്കാൻ വഴിയില്ലാതെ വലഞ്ഞവർക്കുള്ള സ്‌നേഹസ്പർശം. ആദ്യം കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും ഇപ്പോൾ ഡൊമിസിലിയറി കെയർ സെന്ററുമാണ് സ്‌കൂൾ.
ഇതിനൊക്കെ തുക കണ്ടെത്തുന്നത് അറിയുമ്പോഴാണ് അദ്ധ്യാപകർക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട് നൽകുക. വെറുതെയിരുന്നു ശമ്പളം വാങ്ങുന്നുവെന്ന് അദ്ധ്യാപകസമൂഹത്തെ ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ചവർ ഈ സ്‌കൂളിലെ അദ്ധ്യാപകരും പിടിഎയും നടത്തിയ പ്രവർത്തനങ്ങൾ കണ്ടാൽ തീർച്ചയായും തിരുത്തിപ്പറയും. സ്വന്തം ശമ്പളവും, തികയാത്തപ്പോൾ സന്മനസ്സുള്ളവരുടെ സഹായവുമെല്ലാം ഇവർ നാട്ടിൽ ചെലവഴിച്ചു.ഇങ്ങനെയൊക്കെയാണ് സഹായങ്ങൾക്കുള്ള തുക ഇവർ കണ്ടെത്തുന്നത്.നാട്ടിലെ കാരുണ്യഭവൻ അനാഥാലയം കോവിഡ് കാലത്ത് അടച്ചപ്പോൾ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന പെൺകുട്ടികൾ മാസങ്ങളോളം താമസിച്ചത് അദ്ധ്യാപികയുടെ വീട്ടിലായിരുന്നു.
മാനം കറുക്കുമ്പോഴും തിരകളുയരുമ്പോഴും അദ്ധ്യാപകർ എല്ലാ കുട്ടികളുടെയും വീട്ടിലേക്കു വിളിക്കും. നാട്ടിൽ അപകടമുണ്ടായാൽ, അസുഖം വന്ന് ആശുപത്രിയിലായാൽ, വീട്ടിൽ കടൽ കയറിയാൽ അപ്പോൾ സ്‌കൂളിലേക്കും വിളിവരും. നാടിന് ഇതൊരു സ്‌കൂൾ മാത്രമല്ല.'നാടിന്റെ ആശുപത്രിയും ബാങ്കും സൂപ്പർ മാർക്കറ്റും എല്ലാം ഈ സ്‌കൂളാണ്.'
മറുനാടന് മലയാളി ബ്യൂറോ