സ്വകാര്യ ബസ് മുതലാളിമാർ സർക്കാരിനോട് നടത്തുന്ന വെല്ലുവിളിയാണോ ഇന്നത്തെ സമരം. അതിനെ ഫലപ്രദമായി നേരിടാൻ മുമ്പ് നായനാർ സർക്കാർ കാണിച്ചതുപോലെ ധൈര്യമുണ്ടോ പിണറായി സർക്കാരിനെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വകാര്യ ബസ്സുകളുടെ നഷ്ടത്തിന്റെ കഥകളാണ് ഉയർന്നത്. മൊത്തം നഷ്ടമാണെന്നും ഈ വ്യവസായം തന്നെ പൂട്ടാൻ പോകുന്നുവെന്നുമായിരുന്നു ആ കണക്കുകൾ. ഇതിന് പിന്നാലെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ബസ് നിരക്ക് സർക്കാർ വർധിപ്പിക്കുകയും ചെയ്തു.

സ്വകാര്യ ബസ് വ്യവസായം വൻ നഷ്ടത്തിലാണെന്ന് പത്രവാർത്തകൾ നിരന്തരം വന്നത് എന്തിനായിരുന്നു എന്ന് തെളിയിക്കുന്നതായി ഇത്. ആ ചാർ്ജ് വർധന പോരെന്ന് പറഞ്ഞ് സ്വകാര്യ ബസ്സുടമകൾ സമരം തുടങ്ങിയിരിക്കുകയാണ്. ഈ സമരം സർക്കാരിന് വേണ്ടി നടത്തുന്ന സമരമാണെന്ന് പറയേണ്ടിവരും. സംഘടിതമായ കൊള്ളയ്ക്ക് ആമുഖമായി നടത്തുന്ന ഒരു സമരം. സമരത്തിന്റെ സമ്മർദ്ദത്തിന്റെ ഫലമാണ് ഇത്തരത്തിൽ ചാർജ് വർധിപ്പിക്കേണ്ടിവന്നത് എന്ന തോന്നലുണ്ടാക്കാനാണ് ഇത്തരമൊരു സമരമെന്ന് പറയാതെവയ്യ.

നിരക്കുവർധനയിലെ ജനരോഷം ശമിപ്പിക്കുകയെന്ന ഹിഡൺ അജണ്ടയാണ് ഇത്തരമൊരു സമരത്തിൽ തെളിയുന്നത്. അല്ലെങ്കിൽ നിരക്കുവർധന പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തരമൊരു സമരവുമായി ബസ്സുടമകൾ രംഗത്തുവന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോൾ നടപ്പിലാക്കിയ വർധനയിൽ പിന്നോട്ടുപോക്ക് ഉണ്ടാവരുത്. കൂടെ ജനരോഷം തണുക്കുകയും വേണം. ഇതാണ് ഇപ്പോഴത്തെ സമരത്തിന്റെ ലക്ഷ്യം. ഇത്തരമൊരു സമരാഭാസത്തിലെ പിന്നാമ്പുറങ്ങൾ പരിശോധിക്കുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ്.