ന്യൂഡൽഹി: സോളാർ കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണ. മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണു ഹൈക്കമാൻഡ് തീരുമാനം. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധി കേരളത്തിൽ എത്തിയിട്ടുണ്ട്. രാജി വേണ്ടെന്നാണു കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞത്.

കേസിൽ സർക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ പലതും കെട്ടിച്ചമച്ചതെന്നും എഐസിസി വക്താവ് രൺദീപ് സുർജെവാല മാദ്ധ്യമങ്ങളോടു പറഞ്ഞു.

സോളാർ കേസിലെ ആരോപണം പുതിയ കാര്യമല്ല. സർക്കാരിന് ഒരു രൂപയുടെ പോലും നഷ്ടം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നൽകിയ വിശദീകരണം തൃപ്തികരമാണെന്നും സുർജേവാല പറഞ്ഞു. ക്രിമിനൽ കേസിൽ പ്രതിയായ സരിത എസ്.നായരുടെ മൊഴി ആരും വിശ്വസിക്കാൻ പോകുന്നില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കൂടിയായ കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി സരിതയെ ഫോണിൽ വിളിച്ചത് അപ്രസക്തമാണെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.

എന്നാൽ, മാദ്ധ്യമങ്ങളോടു പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും കേരള രാഷ്ട്രീയത്തിൽ സംഭവിക്കുന്ന മാറ്റങ്ങളിൽ ഹൈക്കമാൻഡ് ആശങ്കയിലാണെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ ഹൈക്കമാൻഡ് പ്രതിനിധി ദീപക് ബാബ്‌റിയയുമായി കൂടിക്കാഴ്ച നടത്തി. ജനരക്ഷാ യാത്രയുടെ ഭാഗമായി കോട്ടയത്തെ തലയോലപ്പറന്പിൽ വച്ചായിരുന്നു സുധീരനും ബാബ്‌റിയയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യം സുധീരൻ ബാബ്‌റിയയെ ധരിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് 1.90 കോടി രൂപ കൈക്കൂലി നൽകിയെന്ന സരിതയുടെ ആരോപണം സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് സുധീരൻ ബാബ്‌റിയയെ അറിയിച്ചു.

അതിനിടെയാണ് ഉമ്മൻ ചാണ്ടി രാജിവയ്‌ക്കേണ്ടതില്ലെന്നു വി എം സുധീരനും രമേശ് ചെന്നിത്തലയും പറഞ്ഞത്. ഇത്തരം കേസുകളിൽ പ്രാഥമിക പരിശോധന നടത്തേണ്ടത് ആവശ്യമാണ്. എന്നാൽ അത്തരം നടപടി ക്രമങ്ങളില്ലാതെയാണ് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. വിധി തിടുക്കത്തിലുള്ള നടപടിയായിപ്പോയി എന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ വിധിയുടെ അടിസ്ഥാനത്തിൽ രാജിവയ്‌ക്കേണ്ടതില്ല. ആവശ്യമായ നടപടിക്രമങ്ങളിലേക്ക് പോലും പോകാതെ വിധി പ്രസ്താവിച്ചുവെന്നും സുധീരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സരിത വിവിധ കേസുകളിൽ പ്രതിയായ തട്ടിപ്പുകാരിയാണെന്നും സുധീരൻ പറഞ്ഞു.

വിജിലൻസ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. കോടതി വിധി പഠിച്ചു വരികയാണെന്നും ചെന്നിത്തല പറഞ്ഞു. കെ. ബാബുവിന്റെ കേസിൽ വിജിലൻസ് കോടതിയുടെ തിടുക്കം ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരെങ്കിലും ഒരു പരാതി കൊടുത്ത് മന്ത്രിമാർക്കെതിരെ എഫ്.ഐ.ആർ രജിസ്്റ്റർ ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഈ നാട്ടിൽ ആർക്കും ഭരിക്കാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഈ വിവാദങ്ങൾ കൊണ്ട് സർക്കാരിനെ ദുർബലപ്പെടുത്താമെന്ന് കരുതേണ്ടന്നും ചെന്നിത്തല പറഞ്ഞു. കോടതി ഉത്തരവിനെതിരെ വിജിലൻസ് കോടതിയെ സമീപിക്കില്ലെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.