കുവൈറ്റ് സിറ്റി: അനുദിനം വർധിച്ചുവരുന്ന ജീവിത ചെലവുകൾ മൂലം കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞുവിടാൻ നിർബന്ധിതരായിരിക്കുകയാണ് പല പ്രവാസികളും. ഒരു ശരാശരി വിദേശ തൊഴിലാളിക്ക് ഇവിടെ കിട്ടുന്ന 600 ദിനാർ എന്ന ശമ്പളത്തിൽ കുടുംബത്തെ കൂടി പോറ്റാൻ സാധിക്കാത്ത വിധത്തിൽ ജീവിത ചെലവുകൾ ഏറിയത് മൂലം ഒട്ടേറെ പേർ കുടുംബത്തെ തിരിച്ച് അയയ്ക്കുകയാണ്.

റിസഡൻസി ഫീസ്, സ്‌കൂൾ ഫീസ്, ഉയർന്ന വാടക നിരക്ക് തുടങ്ങിയ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. അതേസമയം കുടുംബത്തെ നാട്ടിലേക്ക് പറഞ്ഞുവിട്ടതോടെ പലർക്കും ശമ്പളത്തിന്റെ 60 ശതമാനത്തോളം മിച്ചം പിടിക്കാൻ സാധിക്കുന്നുണ്ടെന്നും വെളിപ്പെടുത്തുന്നു. ഒറ്റയ്ക്കു താമസിക്കുമ്പോൾ കുറഞ്ഞ വാടകയിലുള്ള റൂമുകൾ എടുക്കാമെന്നതും ഇവരെ ഈ തീരുമാനത്തിന് പ്രേരിപ്പിക്കുന്നു.

കഴിഞ്ഞ അഞ്ചു വർഷമായി പലരുടേയും ശമ്പളം വർധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ജീവിത ചെലവുകൾ ഉയരുകയും ചെയ്തതോടെ കുടുംബത്തെ വിട്ട് തനിയെ ഇവിടെ തുടരാൻ പലരും തീരുമാനിക്കുകയാണിപ്പോൾ. കുടുംബത്തെ കൂടി കുവൈറ്റിൽ നിലനിർത്താൻ ആഗ്രഹമുള്ളവർക്ക് കുറഞ്ഞത് 700 ദിനാർ എങ്കിലും ശമ്പളയിനത്തിൽ ലഭിച്ചാലേ സാധ്യമാകൂ എന്നാണ് ചൂണ്ടിക്കാട്ടുന്നത്. വാടക, വിദ്യാഭ്യാസ ചെലവുകൾ, റെസിഡൻസി ഫീസ് എന്നിവ ഒരുമിച്ചു കൊണ്ടുപോകാൻ സാധാരണക്കാർക്ക് സാധിക്കാത്ത അവസരത്തിൽ കുടുംബത്തെ പറഞ്ഞുവിടുകയേ നിർവാഹമുള്ളൂ എന്നാണ് പരക്കെ ഉയർന്നിരിക്കുന്ന അഭിപ്രായം.