കൊച്ചി : സൈബർ സെൽ ഉദ്യോഗസ്ഥർ ചമഞ്ഞു പത്തനാപുരം സ്വദേശിയിൽ നിന്ന് 1.20 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതി ഒത്തു തീർപ്പാക്കാനുള്ള നീക്കം പാളി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കൊല്ലം പാതിരിക്കൽ സ്വദേശി പ്രകാശ്, പത്തനാപുരം പാടം സ്വദേശി ഉണ്ണി എന്നു വിളിക്കുന്ന വിനായക് എന്നിവരുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

പരാതിക്കാരിയുടെ ടെലിഫോൺ നിരീക്ഷിച്ചതിൽ നിന്ന് അവർക്കൊരു പ്രണയമുണ്ടെന്ന് മനസിലാക്കിയെന്നും പണം നൽകിയാൽ ഫോൺ നിരീക്ഷണം അവസാനിപ്പിക്കാമെന്നും വ്യക്തമാക്കി. ഇവരുടെ നിരന്തര ഭീഷണിയെത്തുടർന്ന് സ്ത്രീ തന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങൾ നൽകി. പിന്നീട് ഇവർ നൽകിയ പരാതിയിൽ പൊലീസ് കേസന്വേഷിച്ച് പുനലൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ഇതിനിടെയാണ് തങ്ങൾക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഒത്തു തീർപ്പാക്കിയെന്നും പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കുന്ന പരാതിക്കാരിയുടെ സത്യവാങ്മൂലവും സമർപ്പിച്ചു. എന്നാൽ മതിയായ തെളിവുകളുള്ള കേസ് പിൻവലിക്കാൻ കോടതി അംഗീകരിച്ചില്ല. പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതി സ്വീകരിച്ചതുമില്ല.