- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിരപ്പെടുത്തൽ മാമാങ്കം; സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ ചെക്ക് വന്നേക്കും; താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോ സർക്കാരിനോട് ഹൈക്കോടതി; പത്തുദിവസത്തിനകം മറുപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശം
കൊച്ചി: പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം കൊഴുകുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കാതെ സ്ഥിരപ്പെടുത്തലുമായി മുന്നോട്ട് പോകുന്ന സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയുടെ ചെക്ക് വന്നേക്കും.സ്ഥരിപ്പെടുത്തലിന്റെ ചട്ടം എന്തെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങൾ നിലവിലുണ്ടോയെന്നാണ് ഹൈക്കോടതിയുടെ ചോദ്യം.പത്ത് ദിവസത്തിനകം മറുപടി വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് സർക്കാരിനു നിർദ്ദേശം നൽകിയത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു ചോദ്യം ചെയ്ത് രണ്ടു യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷമേ ഹർജി ഫയലിൽ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാവൂ. മറ്റു നടപടികളിലേക്കു കടക്കുന്നില്ലെന്ന് ബെഞ്ച് അറിയിച്ചു.താത്കാലിക ജീവനക്കാർക്കു സ്ഥിര നിയമനം അവകാശപ്പെടാനാവില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ഇത്തരത്തിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് നിയമ വിരുദ്ധവും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ പറയുന്നു.
അതിനിടെ സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് സി പി ഒ റാങ്ക് പട്ടികയിലെത് ഉൾപ്പടെയുള്ള ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകി. 2020 ജൂണിൽ കാലാവധി കഴിഞ്ഞ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് പുനർജീവിപ്പിക്കാനാവില്ലെന്ന് ഇന്നല മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടന്നാണ് സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്.
'സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാനാവില്ലെന്ന് സർക്കാർ പഞ്ഞപ്പോൾ ഓരോ ഉദ്യോഗാർത്ഥിയുടെയും രക്തം തിളയ്ക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സമരത്തിന്റെ രൂപവും ഭാവവും മാറും. ഇത്രയും നാൾ ഞങ്ങൾ മുട്ടുകുത്തിയും റോഡിൽ ശയന പ്രദിക്ഷണം ചെയ്തുമാണ് സമരം നടത്തിയത്. ഇനി ആ സമരത്തിന്റെ ഗതിമാറും. നട്ടെല്ല് നിവർത്തി സമരം ചെയ്യാനാണ് തീരുമാനം. സർക്കാർ ഓരോതവണ അവഗണിക്കുമ്പാേഴും ഞങ്ങളിലെ എനർജി കൂടുകയാണ്. ഞങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ട്. ചിന്താശേഷിയുള്ള കേരളം മുഴുവൻ ഞങ്ങളോടൊപ്പമുണ്ട്. അങ്ങനെയുള്ളപ്പോൾ ഒരിക്കലും ഞങ്ങൾ പിന്തിരിഞ്ഞ് ഓടേണ്ടതില്ല. അതിനാൽ ഇന്നുമുതൽ തന്നെ സമരത്തിന്റെ എല്ലാഗതികളും മാറും. കുറച്ചുപേർ നിരാഹാരമിരിക്കുകയാണ്. ഇതുവരെ അവരെ ഭരണപക്ഷത്തുള്ള ഒരാൾപോലും വന്നുകണ്ടിട്ടില്ല'- ഉദ്യോഗാർത്ഥികൾ പറയുന്നു.യുണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ ലിസ്റ്റിൽ കടന്നുകൂടിയതിന്റെ പേരിൽ കുറച്ചുനാൾ മരവിപ്പിച്ചതിനാലും കോവിഡ് കാരണം നിയമനം നടക്കാത്തതിനാലും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആവശ്യം. ഈ ആവശ്യവുമായി അവർ ദിവസങ്ങളായി സമരത്തിലാണ്.
തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് തന്നെയാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ ജി എസ് ഉദ്യോഗാർത്ഥികളുടെയും പ്രതികരണം. അധിക തസ്തികകൾ ചോദിക്കുന്നില്ല. അഞ്ചിലൊന്ന് നിയമനമെന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകൾ പ്രതീക്ഷയോടെയാണ് കാണുന്നത്. അഞ്ചിലൊന്ന് നിയമനം നടപ്പായാൽ ഒമ്പതിനായരത്തിലധികം നിയമനം നടക്കുമെന്നും പ്രതിനിധി ലയാ രാജേഷ് പറഞ്ഞു.എൽ ഡി സിപോലുള്ള ലിസ്റ്റുകളിൽ മാസങ്ങൾ ബാക്കി നിൽക്കുമ്പോഴും ഒരുപാട് നിയമനങ്ങൾ നടക്കുന്നുണ്ട്. നിയമപരമായി ഞങ്ങൾക്ക് അർഹതപ്പെട്ട പോസ്റ്റുകളാണ് ചോദിക്കുന്നത്. സമരം അങ്ങനെ നിർത്തില്ല. അഞ്ചിലൊന്ന് നിയമനമെന്ന ഉത്തരവ് നടപ്പായാൽ സമരം നിർത്തുമെന്നും ലയാ രാജേഷ് വ്യക്തമാക്കി.