കൊച്ചി: മുത്തലാഖ് സമ്പ്രദായം മുസ്ലിം സ്ത്രീകൾക്കു നേരേയുള്ള അനീതിയാണെന്ന് കേരള ഹൈക്കോടതി ഉത്തരവിടുന്നത് സർ്ക്കാരുകളെ അവയുടെ ഉത്തരവാദിത്തം ഓർമ്മപ്പെടുത്തിക്കൊണ്ട് കൂടിയാണ്. ഈ രീതിയിലാണ് ഇന്നലത്തെ ഹൈക്കോടതി വിധി ഏറെ ശ്രദ്ധേയമാകുന്നത്. മതത്തിന്റെപേരിൽ മുസ്ലിം സ്ത്രീകൾനേരിടുന്ന വിഷമതകൾക്ക് മൂകസാക്ഷിയായിനിന്ന് ചുമതലയിൽനിന്ന് ഒഴിഞ്ഞുമാറാൻ ഭരണകൂടത്തിനാവില്ലെന്ന് ഹൈക്കോടതി. പൗരന്റെ തുല്യതയും അന്തസ്സും ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നു. ഏകീകൃത സിവിൽ കോഡെന്ന ആവശ്യത്തിൽ ചർച്ച സജീവമാകുമ്പോഴുള്ള ഈ വിധി ഏറെ നിർണ്ണായകമാണ്.

മതവിശ്വാസത്തിനും അനുശാസനങ്ങൾക്കും എതിരാകാത്ത വിധമുള്ള മതേതര നിയമനിർമ്മാണത്തിലൂടെ ഭരണകൂടത്തിന് ഇക്കാര്യത്തിൽ ഇടപെടാനാവും. മതമൂല്യങ്ങൾ മാനിച്ച് ഭരണകൂടം കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളെ മുസ്ലിം സമുദായം എതിർക്കില്ലെന്ന് ഖുറാനിലെ വരികൾ ഉദ്ധരിച്ച് കേരള ഹൈക്കോടതി കോടതി പ്രത്യാശ പ്രകടിപ്പിച്ചു. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ഡിസംബർ എട്ടിന് അലഹാബാദ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളെ ഹനിക്കുന്ന സമ്പ്രദായമാണിതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. മുത്തലാഖിനെതിരെ പരാമർശം നടത്തിയെങ്കിലും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ വിധി പറയാതെ തള്ളുകയായിരുന്നു. എന്നാൽ കേരള ഹൈക്കോടതി ഈ വിഷയത്തിൽ വ്യക്തമായ നീരക്ഷണങ്ങൾ തന്നെ മുന്നോട്ട് വച്ചു.

പൊതുനന്മ മുൻനിർത്തി വിവാഹമോചനത്തിൽ നീതിയുറപ്പാക്കാൻ ഭരണകൂടം മുൻഗണന നൽകണം. വിവാഹം മതാചാരപ്രകാരം നിലനിർത്തി വിവാഹമോചനം കോടതിവഴി ആക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.ഒറ്റയിരിപ്പിൽ മൂന്ന് തലാഖ് പറയുന്ന മുത്തലാഖിലൂടെ വിവാഹമോചനം നേടിയവർ പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ പേര് മാറ്റാൻ അനുമതി തേടുന്നതുൾപ്പെടെയുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിലയിരുത്തൽ. നിരീക്ഷണങ്ങളടങ്ങിയ വിധിയുടെ പകർപ്പ് കേന്ദ്ര നിയമമന്ത്രാലയത്തിനും ദേശീയ നിയമ കമ്മിഷനും അയക്കാനും നിർദേശിച്ചു. ഏകീകൃത സിവിൽ കോഡിന് വേണ്ടി നീക്കം സജീവമാക്കിയ കേന്ദ്ര സർക്കാരിന് ഈ വിധി ഏറെ അനുകൂലമാകും. കോടതി ഇടപെടലുകളും നിരീക്ഷണങ്ങളും ചൂണ്ടിക്കാട്ടി മുന്നോട്ട് പോകാൻ കേന്ദ്രത്തിന് കഴിയും.

മുത്തലാഖിലൂടെയുള്ള വിവാഹമോചനംമൂലം സമൂഹത്തിൽ താഴെത്തട്ടിലുള്ള സ്ത്രീകൾ നേരിടുന്ന ദുരിതം ഭരണകൂടം കാണാതിരുന്നുകൂടായെന്ന് ഹൈക്കോടതി നിരീക്ഷണവും ഏകീകൃത സിവിൽ കോഡിന് വേണ്ടിയുള്ള നിലപാടാണെന്ന വാദവും സജീവമാണ്. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്ന തത്ത്വം വിദൂരസ്വപ്നമായി തുടരേണ്ടതല്ല. വിവാഹമോചനം കോടതിവഴി ആക്കുന്നത് ശരീഅത്ത് നിയമപാലനത്തിന് എതിരാകുന്നില്ലെന്ന് അതേപ്പറ്റിയുള്ള പഠനങ്ങളും ഖുറാനിലെ വരികളും ഉദ്ധരിച്ച് കോടതി വിലയിരുത്തി. ഒന്നിച്ച് മൂന്ന് തലാഖ് ചൊല്ലി ബന്ധം ഒഴിയുന്ന രീതി ഖുറാൻ അനുശാസിക്കുന്ന സമയവ്യവസ്ഥ പരിഗണിക്കാതെയാണ്. യോജിപ്പിന് സമയം നൽകുന്ന പവിത്രവും നീതിയുക്തവുമായ രീതിയാണ് ഖുറാൻ അനുശാസിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയതും ഏറെ പ്രസക്ത ചർച്ചാ വിഷയമാകും.

മത, വ്യക്തിസ്വാതന്ത്രം നിലനിർത്തിക്കൊണ്ടുതന്നെ വിവാഹമോചനക്കാര്യത്തിൽ ദേശീയഏകീകരണം ആവശ്യമാണ്. ഒരേസമയം മൂന്നുതവണ തലാഖ് ചൊല്ലി പുരുഷൻ വിവാഹമോചനം നേടുന്നരീതി അംഗീകരിക്കാനാവില്ലെന്ന് 1972-ൽ മുഹമ്മദ് ഹനീഫ കേസിൽ നീതിപീഠം വ്യക്തമാക്കിയിരുന്നു. വിധി വന്ന് 40 കൊല്ലം കഴിഞ്ഞിട്ടും നിസ്സഹായരാവുന്ന സ്ത്രീകളുടെ രക്ഷയ്ക്കെത്താൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. എല്ലാവിവാഹവും രജിസ്റ്റർ ചെയ്യണമെന്ന് 2006-ൽ സുപ്രീം കോടതിയുടെ നിർദേശമുണ്ട്. അത് രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാധകമാണ്. വിവാഹമോചനവും നിർബന്ധമായും രജിസ്റ്റർ ചെയ്യാൻ സംവിധാനം വേണമെന്ന് 2015-ൽ കോടതി സർക്കാറരിനോട് നിർദേശിച്ചിരുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വ്യക്തിഗത തീരുമാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾമൂലം ഒരു സമുദായം ഏറെക്കാലം ദുരിതം അനുഭവിക്കുന്നത് അനുവദിക്കാനാവില്ല. പുരുഷന്മാരുടെ വൈകാരിക തീരുമാനങ്ങൾ പലപ്പോഴും ഭാര്യയെയും കുട്ടികളെയും അനാഥരാക്കുന്നുണ്ട്. കുട്ടികളാണ് കടുത്ത വിഷമം അനുഭവിക്കുന്നത്. അവർക്ക് നിയമപരിരക്ഷലഭിക്കാതെ പോകരുത്. ആരാധനാക്രമം ഉൾപ്പെടെ ചില പ്രത്യേക വ്യക്തിനിയമ വ്യവസ്ഥകളിൽ മാറ്റം സാധ്യമല്ലെങ്കിലും മാറ്റം സാധ്യമായ വ്യവസ്ഥകളും ഉണ്ട്. ഇസ്ലാമിക തത്വത്തിനനുസൃതമായും സമൂഹിക മാറ്റം മുൻനിർത്തിയും വിവേകപൂർവമായ മാറ്റത്തിന് ശരീഅത്ത് അനുവാദം നൽകുന്നുണ്ട്. സക്കാത്ത് രീതികളിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിലയിരുത്തൽ.

പാസ്പോർട്ടിലെ മാറ്റം എന്ന ആവശ്യം അനുവദിക്കാൻ അതത് ഹർജികളിൽ കോടതി നിർദ്ദേശം നൽകിവരുന്നുണ്ട്. ഇത്തരം ഒട്ടേറെ ഹർജികളാണ് കോടതിക്ക് മുന്നിലെത്തുന്നത്. ഓരോ ഹർജിയിലും അനുകൂല തീർപ്പ് നൽകുന്നതിനപ്പുറം മതസ്വാതന്ത്ര്യത്തിനെതിരാകാത്തവിധം വിപുലമായ പരിഹാരമാണ് ആവശ്യം. ഹർജികൾ നേരിട്ട് മുത്തലാഖിനെ ചോദ്യം ചെയ്യുന്നതല്ലെങ്കിലും അവ പരിഗണിക്കുമ്പോൾ അക്കാര്യം കൂടി വിലയിരുത്താതിരിക്കാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമർശങ്ങൾ. പുരുഷന്റെ തീരുമാനപ്രകാരമുള്ള വിവാഹമോചനത്തിൽ സ്ത്രീകൾ ദുരിതത്തിലാകുന്നത് ഇസ്ലാമിക നീതിക്ക് യോജിച്ചതായി കരുതാനാവില്ല.

ഓരോരുത്തർക്കും അവരുടേതായ അവകാശം ഇസ്ലാം വ്യവസ്ഥ ചെയ്യുന്നുണ്ട്. മതപരമായ അനുശാസനത്തിന്റെ പിൻബലമില്ലാതെ ഒരു സമൂഹത്തിലും ലിംഗവിവേചനത്തിന് അനുവാദമില്ലെന്നും ഹൈക്കോടതി വിശദീകരിച്ചു.