കൊച്ചി: വിജിലൻസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴി ഒരുക്കരുതെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. സംസ്ഥാനത്ത് വിജിലൻസ് രാജാണോ എന്നും കോടതി ചോദിച്ചു. ഡിജിപി എൻ ശങ്കർ റെഡ്ഡി നൽകിയ ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതിയുടെ പരാമർശം. ഡിജിപി സ്ഥാനക്കയറ്റത്തിന് എതിരായ നടപടി ശരിയല്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്നത് വിജിലൻസ് രാജോ? എന്ന് ചോദിച്ച കോടതി മന്ത്രിസഭാതീരുമാനങ്ങൾ പോലും വിജിലൻസ് ചോദ്യം ചെയ്യുന്നു. മുൻസർക്കാരിന്റെ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നത് എന്തിനാണ്? വിജിലൻസ് കോടതികൾ അനാവശ്യ വ്യവഹാരങ്ങൾക്ക് വഴിയൊരുക്കരുതെന്നും കോടതി നിരീക്ഷിച്ചു. ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം പരിശോധിച്ചതിനും കോടതി അതൃപ്തി രേഖപ്പെടുത്തി.

ശങ്കർ റെഡ്ഡി ഉൾപ്പെടെയുള്ളവർക്ക് മുൻസർക്കാരിന്റെ കാലത്ത് ഡിജിപിയായി ഉദ്യോഗകയറ്റം നൽകിയിരുന്നു. ഇത് വഴിവിട്ടാണ് എന്നു ചൂണ്ടിക്കാണിച്ച് ഒരു ഹർജി വിജിലൻസ് കോടതിയിൽ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ത്വരിത പരിശോധന നടത്തി. തുടർന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ടിൽ മന്ത്രിസഭാ യോഗതീരുമാനം ചട്ട വിരുദ്ധമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം കുറ്റമൊന്നും ഇല്ലെന്നും പറയുന്നു. മന്ത്രിസഭാ യോഗതീരുമാനത്തെ പുതിയ സർക്കാരും അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മന്ത്രിസഭാ യോഗതീരുമാനത്തെ വിജിലൻസിന് എങ്ങനെ ചോദ്യം ചെയ്യാൻ സാധിക്കുമെന്നാണ് കോടതി ചോദിച്ചത്. വിജിലൻസിന്റെ അധികാരപരിധി എന്താണ് എന്നതു സംബന്ധിച്ച് പരോക്ഷമായി കോടതി സൂചിപ്പിക്കുകയാണ് ചെയ്തത്.