കൊച്ചി: ബാർക്കോഴ കേസ് അന്വേഷിച്ച എസ്‌പി: ആർ.സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ഹൈക്കോടതിക്ക് അതൃപ്തി. ഇതോടൊപ്പം ബാർ കോഴക്കേസിൽ വിജിലൻസ് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം. മാണി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സുകേശനെതിരെ സർക്കാരിന് തെളിവുകൾ ഹാജരാക്കാനാകാത്ത സാഹചര്യത്തിലാണിത്. ഹർജി പരിഗണിക്കവേ രൂക്ഷമായ വിമർശനമാണ് കോതി നടത്തിയത്.

സുകേശനെതിരെ തെളിവുണ്ടോ? ഉദ്യോഗസ്ഥർ ഹാജരാക്കിയ സിഡിയുടെ ആധികാരികത എന്താണ്? ശാസ്ത്രീയ പരിശോധനകൾ നടത്താതെ സിഡി ഹാജരാക്കിയതെന്തിനാണ്? ബാർ കോഴക്കേസിൽ പുകമറ സൃഷ്ടിക്കുന്നതിനാണോ സുകേശനെതിരായ കേസെന്നും കോടതി ചോദിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ബിജു രമേശുമായുള്ള സംഭാഷണത്തിന്റെ സിഡി അന്വേഷണ ഘട്ടത്തിൽ ശേഖരിച്ച തെളിവുകളാണെന്നും അവർ കോടതിയിൽ പറഞ്ഞു.

ബാർകോഴക്കേസ് അന്വേഷിച്ച വിജിലൻസ് എസ്‌പി: ആർ.സുകേശനെതിരെ അന്വേഷണത്തിന്റെ സാഹചര്യമെന്താണെന്നു ഹൈക്കോടതി ആരാഞ്ഞിരുന്നു. സുകേശനെതിരെ എന്തെല്ലാം തെളിവുകളുണ്ടെന്നും, തെളിവുണ്ടെങ്കിൽ സർവീസിൽ തുടരാൻ അനുവദിക്കണോ എന്നും കോടതി വാദത്തിനിടെ ചോദിച്ചു. വിശദാംശങ്ങൾ വെള്ളിയാഴ്ച അറിയിക്കണമെന്നു കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശുമായുള്ള സംഭാഷണത്തിന്റെ സിഡി അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്.

ബാർ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശൻ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് വിജിലൻസ് കോടതി നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മാണി കോടതിയെ സമീപിച്ചിരുന്നത്. ഇതേതുടർന്ന്, ഇന്ന് തെളിവുകൾ ഹാജരാക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസെടുക്കാൻ കാരണമായ ബിജു രമേശും സുകേശനും തമ്മിലുള്ള സംഭാഷണത്തിന്റെ സി.ഡി. മാത്രമാണ് സർക്കാർ ഇന്ന് ഹാജരാക്കിയത്. സുകേശനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള തെളിവുകളില്ലെന്ന് സർക്കാരും ക്രൈംബ്രാഞ്ചും കോടതിയെ അറിയിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.

തെളിവുകൾ ഹാജരാക്കാത്തതിൽ കോടതി സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ചു. ശാസ്ത്രീയ പരിശോധനകൾ നടത്താത്ത സി.ഡിക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്ന് ചോദിച്ച കോടതി കേസിൽ പുകമറ സൃഷ്ടിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും സംശയമുന്നയിച്ചു. ബാർ കോഴക്കേസിൽ വിജിലൻസ് കോടതിക്ക് നടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കോടതി വിധിയോട് പ്രതികരിക്കാൻ മാണി തയ്യാറായിട്ടില്ല.