കൊച്ചി: അന്വേഷണങ്ങളിലെ പോരായ്മകൾ സംബന്ധിച്ച് വിജിലൻസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. സംസ്ഥാനത്ത് വിജിലൻസിന്റെ അമിത ഇടപെടലാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്തുകൊണ്ടാണ് വിജിലൻസ് ഡയറക്ടറെ നീക്കാത്തതെന്നു വാക്കാൽ ചോദിച്ചു. ഡയറക്ടറെ നിലനിർത്തി എങ്ങനെ മുന്നോട്ടു പോകാനാകുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. ജിഷാ കേസ് അന്വേഷണത്തിൽ വിജിലൻസിന് എന്താണു കാര്യമെന്നും കോടതി ചോദിച്ചു. വിജിലൻസ് അന്വേഷണത്തിനെതിരായ ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വാക്കാലുള്ള വിമർശനം.

സംസ്ഥാനത്ത് വിജിലൻസിന്റെ അമിത ഇടപെടലാണ് നടക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതിയുടെയും നിയമസഭയുടെയും പരിധിയിലും പരിഗണനയിലുമുള്ള വിഷയങ്ങളിൽ പോലും വിജിലൻസ് വഴിവിട്ട് ഇടപെടുന്നു. ഇത് അംഗീകരിക്കാനാകില്ല. ഈ നിലയിൽ പ്രവർത്തിക്കുന്ന വിജിലൻസ് ഡയറക്ടറെ നിലനിർത്തി എങ്ങനെ മുന്നോട്ടു പോകാനാകുമെന്നായിരുന്നു വാക്കാലുള്ള വിമർശനം.

വിജിലൻസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ ഹർജികളാണ് ഹൈക്കോടതി ആദ്യം പരിഗണിച്ചത്. ധനകാര്യ ബില്ല് പാസാക്കിയതിന് അനുസരിച്ച് ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെയും വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. വ്യാജ ഒപ്പിട്ട് ഉത്തരവ് പുറത്തിറക്കിയ മറ്റൊരു കേസിൽ ആരുടെയാണോ വ്യാജ ഒപ്പിട്ടത് അയാളെയും പ്രതിചേർത്തായിരുന്നു അന്വേഷണം.

ഈ രണ്ട് കേസിലും ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി വീണ്ടും വിജിലൻസ് ഡയറക്ടർക്കെതിരെ തിരിഞ്ഞത്. ധനമന്ത്രിയായിരിക്കെ കെ.എം. മാണി ബാറ്ററി നിർമ്മാതാക്കൾക്ക് വിഴിവിട്ട് നികുതിയിളവ് നൽകിയെന്ന കേസിൽ അന്വേഷണം റദ്ദാക്കണെന്ന ഹർജിയിലും വിജിലൻസിന് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. ഈ കേസിന്റെ സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി നിർദേശിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വിജിലൻസ് ഡയറക്ടറെ വിളിച്ചുവരുത്തുമെന്നും കോടതി പറഞ്ഞു. ജിഷാ കേസിലെ വിജിലൻസ് ഇടപെടിലും കോടതി ഇതിനിടെ പരാമർശിച്ചു. ജിഷാ കേസ് അന്വേഷണത്തിൽ ഇടപെടാൻ വിജിലൻസിന് എന്തുകാര്യമെന്നായിരുന്നു കോടതിയുടെ ചോദ്യം.