കൊച്ചി: 300 കോടി വരുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്നു സംസ്ഥാന സർക്കാരിനോടു ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിബിഐക്കും ഇ.ഡിക്കും നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു.

തട്ടിയെടുത്ത പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി പ്രതികൾ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണവുമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ പണം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ച സാഹചര്യത്തിൽ കേസിൽ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിക്ക് നോട്ടീസയയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കുറ്റകൃത്യത്തിന്റെ ഭാഗമായ പണം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിച്ച സാഹചര്യത്തിൽ കേസിൽ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അതിനിടെ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ കൂടുതൽ സമയം തേടി. ക്രൈംബ്രാഞ്ചിനൊപ്പം നിലവിൽ ഇഡി അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ബാങ്ക് തട്ടിപ്പു കേസ് സിബിഐയും ഇഡിയും അന്വേഷിക്കണമന്ന് ആവശ്യപ്പെട്ടു കരുവന്നൂർ ബാങ്കിലെ മുൻ ജീവനക്കാരനായിരുന്ന തൃശൂർ സ്വദേശി എം വിസുരേഷ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലേ എന്ന ചോദ്യം ഉയർത്തിയത്. ഹർജിയിൽ നിലപാടു തേടി സിബിഐയ്ക്കും ഇഡിക്കും നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചു. ഹർജി ഹൈക്കോടതി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിവച്ചു.

ബാങ്ക് തട്ടിപ്പിലൂടെ പ്രതികൾ സമ്പാദിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു പോലും ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്. കേരളത്തിനകത്തും പുറത്തും പ്രതികൾ ഭൂമി വാങ്ങിക്കൂട്ടിയതു തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ സിബിഐ, ഇഡി അന്വേഷണം വേണമെന്നാണ് ആവശ്യം.

അഞ്ചു വർഷം തട്ടിപ്പു തുടർന്നിട്ടും സർക്കാർ നടപടികളൊന്നും ഉണ്ടായില്ല. പരാതിയും ഉയർന്നിരുന്നില്ല. ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾ ഉൾപ്പെട്ട തട്ടിപ്പു കേസായതിനാൽ അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് വിളിച്ചു വരുത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.