ആലപ്പുഴ : ജാതിപ്പേര് വിളിച്ചുവെന്ന പേരിൽ പരാതി നൽകുകയും കോടതി നടപടിയെടുക്കുകയും ചെയ്യുന്നത് നാം കണ്ടിട്ടുണ്ടെങ്കിലും ഇതിൽ നിന്നും വ്യത്യസ്ഥമായ തീരുമാനം കോടതി എടുത്തതാണ് ഏവരും ഇപ്പോൾ ശ്രദ്ധിക്കുന്നത്. വീടിനുള്ളിൽവച്ച് തന്നെ ജാതിപ്പേര് വിളിച്ചെന്ന യുവതിയുടെ പരാതി റദ്ദാക്കി ജസ്റ്റിസ് വി.ഷെർസി ഉത്തരവിട്ടു. കുമ്പളങ്ങി കണ്ണമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കി ഉത്തരവിട്ടത്.

സാധാരണ ഗതിയിൽ വീടിനുള്ളിൽ പുറത്ത് നിന്നും ആരും ഉണ്ടാകില്ല. അതിനാൽ തന്നെ പൊതു സ്ഥലത്തിന്റെ പരിധിയിൽ വീടിനെ കണക്കാക്കാനാവില്ല. വീടിനുള്ളിൽ വച്ച് ജാതിപ്പേര് വിളിച്ചുവെന്നത് പട്ടികജാതി-വർഗ അതിക്രമ നിരോധിത പ്രത്യേക നിയമമനുസരിച്ച് ശിക്ഷയർഹിക്കുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വസ്തു ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളാണ് കേസിനാസ്പദം. പട്ടികജാതിക്കാരിയായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെ പ്രതിചേർക്കപ്പെട്ടയാൾ ഹൈക്കോടതിയെ സമീപിച്ചു. വസ്തുവിന്റെ രജിസ്ട്രേഷൻ കഴിഞ്ഞശേഷം വീട്ടിൽ അതിക്രമിച്ചുകയറി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാണ് കേസ്.

ഒരാൾ പട്ടികജാതിയിൽപ്പെട്ട വ്യക്തിയായതുകൊണ്ടുമാത്രം അയാളുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്നും പൊതു മധ്യത്തിൽ നടക്കുന്ന കാര്യമേ ആക്ഷേപമെന്ന രീതിയിൽ കാണാൻ സാധിക്കൂവെന്നും കോടതി പറഞ്ഞു. നിയമത്തിൽ പ്രതിപാദിക്കുന്ന തരത്തിലാകണം കാര്യങ്ങൾ. നിയമപരമായി വസ്തു എഴുതിവാങ്ങിയയാൾ ആ വസ്തുവിൽ അതിക്രമിച്ചുകയറിയെന്ന് പറയാനാവില്ല.

പട്ടികജാതി-വർഗക്കാരെ സംരക്ഷിക്കുന്നതിനും അവരുടെ അന്തസ്സ് കളങ്കപ്പെടാതിരിക്കുന്നതിനും അവരുടെ അഭിമാനം സംരക്ഷിക്കുന്നതിനും ഉദ്ദേശിച്ചുതന്നെയാണ് ഈ നിയമം. പക്ഷേ, തെറ്റായ പരാതികൾ ഉന്നയിച്ച് നിഷ്‌കളങ്കരെ തേജോവധം ചെയ്യുന്നതിനോ ശിക്ഷിക്കപ്പെടുന്നതിനോ ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.