കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന കേസിൽ മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച കീഴ്‌ക്കോടതി നടപടി റദ്ദാക്കി ഹൈക്കോടതി. കേസിൽ 60 ദിവസത്തെ മുൻകൂർ ജാമ്യമായിരുന്നു കോടതി അനുവദിച്ചത്. ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള സിബി മാത്യൂസിന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി വാദം അംഗീകരിക്കുകയായിരുന്നു. ഹർജിയിൽ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടിയിരുന്നു.

മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെ കേസിലെ നാലാം പ്രതിയായ സിബി മാത്യൂസ് നൽകിയ ഹർജിയിൽ ജസ്റ്റീസ് കെ. ഹരിപാലിന്റേതാണ് ഉത്തരവ്. ഹർജിക്കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കാൻ സിബിഐയ്ക്ക് പുതിയ രേഖകളോ വസ്തുതകളോ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി.

സിബി മാത്യൂസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പരാതിയില്ല. കേസിലെ മറ്റു പ്രതികൾക്ക് സമയപരിധി നിശ്ചയിക്കാതെ തന്നെ മുൻകൂർ ജാമ്യം നൽകിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഹർജിക്കാരന് അനുവദിച്ച മുൻകൂർ ജാമ്യത്തിന് 60 ദിവസമെന്ന സമയപരിധി നിശ്ചയിച്ചതു നീക്കുകയാണെന്നും വിധിയിൽ പറയുന്നു.

തിരുവനന്തപുരം സെഷൻസ് കോടതിയാണ് 60 ദിവസത്തേക്ക് സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്ന് മുൻകൂർ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് ആരോപിച്ചിരുന്നു.

ചാരക്കേസിൽ പ്രതിയായ നമ്പിനാരായണനെ ഇന്റലിൻസ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും, ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബിമാത്യൂസിന്റെ വാദം. എന്നാൽ നമ്പിനാരായണനെ കസ്റ്റഡിൽ മർദ്ദിച്ചുവെന്നും സിബിമാത്യൂസിന്റെ അറസ്റ്റ് ഒഴിവാക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത് സിബിഐയും വാദിച്ചു. സിബിമാത്യൂസിന്റെ ജാമ്യ ഹർജിയെ എതിർത്ത് നമ്പിനാരായണനും ചാരക്കേസിൽ പ്രതിചേർക്കപ്പെട്ട മാലി വനിതകളും കക്ഷിചേർന്നിരുന്നു.