കൊച്ചി: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് നിരോധിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ കത്ത്. ജസ്റ്റിസ് ബി.ചിദംബരേഷാണു ഹൈക്കോടതി രജിസ്ട്രാർക്ക് കത്തു നൽകിയത്.

കത്ത് പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാനും ചിദംബരേഷ് നിർദ്ദേശിച്ചു. കേസ് നാളെ ഉച്ചയ്ക്ക് ദേവസ്വം കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും. ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റിസ് അനു ശിവരാമൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാരക പ്രഹരശേഷിയുള്ള ഗുണ്ട്, അമിട്ട്, കതിന തുടങ്ങിയവ ഉപയോഗിച്ചുള്ള വെടിക്കെട്ട് നിരോധിക്കണമെന്നു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യനു ജീവിക്കാനുള്ള അവകാശം തന്നെയാണ് ഏറ്റവും പ്രധാനമെന്നും ഉത്സവം പോലെ മതപ്രചാരണത്തിന് ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നതു നിരോധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ദൃശ്യഭംഗിയൊരുക്കുന്ന കരിമരുന്നു പ്രയോഗത്തിൽ വെടിക്കെട്ട് ഒതുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ഹൈക്കോടതി സ്വീകരിച്ചു. മനുഷ്യന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന രീതിയിലുള്ള ഇത്തരം നടപടിക്രമങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗനിർദ്ദേശമാണ് വേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനും അനു ശിവരാമനും അടങ്ങിയ ഡിവിഷൻ ബെഞ്ച് നാളെ ഉച്ചയ്ക്ക് 1.45ന് വാദം കേൾക്കും.