- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീഡിയാ റൂം തുറക്കാൻ ബുദ്ധിമുട്ടുണ്ടെന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതിയിൽ അറിയിച്ചു; മുതിർന്ന അഭിഭാഷകർ മുൻകൈ എടുത്ത് പ്രശ്നങ്ങൾ തീർക്കാൻ സുപ്രീംകോടതി; ആനുകൂല്യങ്ങൾ അവകാശങ്ങൾ എന്ന് കരുതി പരമോന്നത നീതി പീഠത്തിന് മുൻപിൽ എത്തിയിട്ടും മാദ്ധ്യമ പ്രവർത്തകർക്ക് ഗുണം ഉണ്ടായില്ല
ന്യൂഡൽഹി: ഹൈക്കോടതിയിലെ മീഡിയ റൂം ഉടൻ തുറക്കില്ലെന്നു ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോൾ തുറന്നാൽ പ്രശ്‌നം രൂക്ഷമാകുമെന്നാണു സുപ്രീം കോടതിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ 21ന് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയെങ്കിലും അന്ന് മീഡിയാ റൂം തുറക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇപ്പോഴും ഇല്ലെന്ന സ്ഥിതിയായി. പ്രശ്‌നത്തിൽ മുതിർന്ന അഭിഭാഷകർ മുൻകൈ എടുത്ത് ഒരു പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന നിർദ്ദേശം മാത്രമാണ് സുപ്രീംകോടതി മുന്നോട്ടുവച്ചത്. കേരളത്തിലെ കോടതികളിൽ മാദ്ധ്യമങ്ങൾക്കുള്ള വിലക്ക് ചോദ്യം ചെയ്ത് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ കേസ് പരിഗണിക്കവെയാണു ഹൈക്കോടതി നിലപാട് അറിയിച്ചത്. വാസ്തവത്തിൽ ഹൈക്കോടതിയിൽ തങ്ങൾക്ക് ഇല്ലാത്ത അവകാശത്തിന്റെ പേരിൽ സുപ്രീംകോടതിയെ സമീപിച്ചതാണ് പത്രപ്രവർത്തകർക്ക് വിനയാകുന്നത്. ഏതൊരു സാധാരണക്കാരനേയും പോലെ കോടതിമുറികളിൽ വിധി കേൾക്കാൻ കയറാനും പ്രസിദ്ധീകരണത്തിന് അനുവാദമുള്ള കാര്യങ്ങൾ അറിഞ്ഞ് റിപ്പോർട്ട് ചെയ്യാനും മാത്രമേ മാദ്ധ്യമപ്രവർ

ന്യൂഡൽഹി: ഹൈക്കോടതിയിലെ മീഡിയ റൂം ഉടൻ തുറക്കില്ലെന്നു ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോൾ തുറന്നാൽ പ്രശ്‌നം രൂക്ഷമാകുമെന്നാണു സുപ്രീം കോടതിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ 21ന് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയെങ്കിലും അന്ന് മീഡിയാ റൂം തുറക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇപ്പോഴും ഇല്ലെന്ന സ്ഥിതിയായി. പ്രശ്‌നത്തിൽ മുതിർന്ന അഭിഭാഷകർ മുൻകൈ എടുത്ത് ഒരു പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന നിർദ്ദേശം മാത്രമാണ് സുപ്രീംകോടതി മുന്നോട്ടുവച്ചത്.
കേരളത്തിലെ കോടതികളിൽ മാദ്ധ്യമങ്ങൾക്കുള്ള വിലക്ക് ചോദ്യം ചെയ്ത് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ കേസ് പരിഗണിക്കവെയാണു ഹൈക്കോടതി നിലപാട് അറിയിച്ചത്. വാസ്തവത്തിൽ ഹൈക്കോടതിയിൽ തങ്ങൾക്ക് ഇല്ലാത്ത അവകാശത്തിന്റെ പേരിൽ സുപ്രീംകോടതിയെ സമീപിച്ചതാണ് പത്രപ്രവർത്തകർക്ക് വിനയാകുന്നത്.
ഏതൊരു സാധാരണക്കാരനേയും പോലെ കോടതിമുറികളിൽ വിധി കേൾക്കാൻ കയറാനും പ്രസിദ്ധീകരണത്തിന് അനുവാദമുള്ള കാര്യങ്ങൾ അറിഞ്ഞ് റിപ്പോർട്ട് ചെയ്യാനും മാത്രമേ മാദ്ധ്യമപ്രവർത്തകർക്കും അവകാശമുള്ളൂ. മീഡിയാ റൂം കോടതി പ്രത്യേകമായി അനുവദിച്ച ഔദാര്യം മാത്രമാണെന്നിരിക്കെ ഇത് തുറന്നുകിട്ടണമെന്ന് അവകാശത്തിന്റെ ധ്വനിയിൽ ചോദിക്കുന്നതാണ് ഇപ്പോൾ അഭിഭാഷകരെ ചൊടിപ്പിക്കുന്നതെന്നാണ് വിവരം.
അഭിഭാഷകരും മാ്ധ്യമപ്രവർത്തകരും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്ന കാലത്ത് പത്രലേഖകർക്ക് വന്നിരിക്കാനും വാർത്തകൾ ശേഖരിക്കാനും വേണ്ടി അനുവദിച്ചു നൽകിയ മീഡിയാ റൂം ഇരു കൂട്ടരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായപ്പോൾ ഇനിയങ്ങോട്ട് അനുവദിക്കേണ്ടതില്ലെന്ന് അഭിഭാഷകർ നിലപാടെടുക്കുകയായിരുന്നു. പത്ര പ്രവർത്തകരുടെ പ്രതിനിധികളുമായും അഭിഭാഷകരുമായും നിരവധി ചർച്ചകൾ നടന്നെങ്കിലും പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല.
പത്രലേഖകർ ആവശ്യപ്പെട്ട പല കാര്യങ്ങളും അഭിഭാഷകർ അംഗീകരിച്ചെങ്കിലും ആദ്യഘട്ടത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ കാരണക്കാരായ ചില ലേഖകരെ ഇനി കോടതി റിപ്പോർട്ടിംഗിൽ നിന്ന് മാറ്റിനിർത്തണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തിടത്തോളം മീഡിയാ റൂമിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാടിലാണ് അഭിഭാഷകരിൽ ഒരുവിഭാഗം. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നാണ് അറിയുന്നത്.
ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നിലയിൽ മീഡിയാ റൂം തുറന്നുകൊടുക്കാനാവില്ലെന്ന നിലപാട് ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചത്. പ്രശ്‌നപരിഹാരത്തിന് ഉന്നതതല ശ്രമങ്ങൾ നടക്കുകയാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചത്. കേരള പത്രപ്രവർത്തക യൂണിയന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബലും, ഹൈക്കോടതിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരിയുമാണ് കോടതിയിൽ ഹാജരായത്.

