കൊച്ചി: ഹോം സ്‌റ്റേയും ലോഡ്ജു നടത്തുന്നവരെ ഇനി പീഡിപ്പിക്കാൻ പൊലീസിന് കഴിയില്ല. മാസപ്പടി വാങ്ങി കീശവീർപ്പിക്കാനുള്ള പൊലീസുകാരുടെ പ്രധാന മാർഗ്ഗമാണ് അടയുന്നത്. ഈ കോടതി വിധിയുണ്ടെങ്കിൽ ഒരു പൊലീസും ലോഡ്ജുകാരെയും ഹോംസ്‌റ്റേക്കാരേയും ഒന്നും ചെയ്യില്ല. അനാശാസ്യത്തിന്റെ പേരിൽ ആർക്കും ആരേയും ഭീഷണിപ്പെടുത്താനാവില്ലെന്ന സ്ഥിതിയാണ് വരുന്നത്. എല്ലാത്തിനും കാരണം ഹൈക്കോടതിയുടെ വിധിയാണ്.

വേശ്യാലയത്തിലാണെങ്കിൽ പോലും പ്രതിഫലത്തിനു വേണ്ടിയല്ലാതെ ശാരീരിക ബന്ധം പുലർത്തുന്നത് കുറ്റകരമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. പാറശാലയ്ക്കടുത്ത് പൊഴിയൂരിലെ ഒരു ഹോം സ്റ്റേയിൽ നിന്ന് അനാശാസ്യക്കുറ്റം ആരോപിച്ച് പൊലീസ് പിടികൂടിയ മൂന്നു പേരെ വെറുതേ വിട്ടുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വിശദീകരിച്ചത്. സംസ്ഥാനത്തുടനീളമുള്ള ഹോംസ്‌റ്റേകൾക്കും ലോഡ്ജുകൾക്കും ആശ്വാസമാകും ഈ വിധി. ഇതിനെതിരെ ആരും അപ്പീലുമായി സുപ്രീംകോടതിയിൽ പോകാനും ഇടയില്ല. അതിനാൽ ഈ വിധി വിധിയായി തന്നെ നിലനിൽക്കും. ജസ്റ്റിസ് കെ. ഹരിലാലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. അനാശാസ്യ നടപടി തടയൽ നിയമത്തിന്റെ ദുരുപയോഗത്തിനു ശക്തമായ താക്കീത് ആണു വിധി.

പണമിടപാടില്ലാതെ രണ്ടുപേർ ഉഭയസമ്മത പ്രകാരം ശാരീരിക ബന്ധത്തിലേർപ്പെടുന്നത് അനാശാസ്യമായി വിലയിരുത്താനാവില്ലെന്ന നിരീക്ഷണമാണ് വിധിയിലുള്ളത്. അനാശാസ്യക്കുറ്റം ആരോപിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ കന്യാകുമാരി സ്വദേശികളായ വിജയകുമാർ, മാണിക്യവാസകം, മാർട്ടിൻ ആരോഗ്യസ്വാമി എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് കെ. ഹരിലാലാണ് പരിഗണിച്ചത്. പൊഴിയൂരിൽ ഒരു ഹോം സ്റ്റേയിലെ മുറിയിൽ നിന്ന് ഹർജിക്കാരെ രണ്ടു സ്ത്രീകൾക്കൊപ്പമാണ് പൊലീസ് പിടികൂടിയത്. ഹോം സ്റ്റേ നടത്തുന്നവരും പ്രതികളായ കേസിൽ ഹർജിക്കാർ സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് തെളിയിക്കാനും പൊലീസിനു കഴിഞ്ഞില്ല.

ഹോം സ്റ്റേയിൽ മുറിയെടുത്ത ഹർജിക്കാർക്കെതിരെ വേശ്യാലയം നടത്തിപ്പ്, വേശ്യാവൃത്തിയിലൂടെ ഉപജീവനം, വ്യഭിചാരത്തിനായി ആളുകളെ എത്തിക്കൽ, പൊതുസ്ഥലത്തോടു ചേർന്ന് വ്യഭിചാരശാല നടത്തിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. ഇതൊന്നും നിലനിൽക്കില്ലെന്നു വിശദീകരിച്ചാണ് സിംഗിൾബെഞ്ച് ഹർജിക്കാരെ കുറ്റവിമുക്തരാക്കിയത്. ഹർജിക്കാർ മുറിയെടുത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടാൽ പോലും പണം നൽകിയുള്ള ഇടപാടാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

പ്രതികൾക്കെതിരെ അനാശാസ്യ നടപടി തടയൽ നിയമത്തിലെ മൂന്ന്, നാല്, അഞ്ച്, ഏഴ് വകുപ്പുകൾ പ്രകാരമാണു കേസ്. വേശ്യാലയം നടത്തുന്നതും ആ വരുമാനം ജീവനോപാധിയാക്കുന്നതും അതിനായി സ്ത്രീകളെ എത്തിക്കുന്നതും പൊതുസ്ഥലത്തോടനുബന്ധിച്ചു വേശ്യാലയം നടത്തുന്നതുമാണു ബന്ധപ്പെട്ട കുറ്റങ്ങൾ. വേശ്യാലയത്തിൽ നടക്കുന്ന ലൈംഗികവൃത്തി പോലും എല്ലായ്‌പ്പോഴും കുറ്റകരമല്ലെന്നു വിലയിരുത്തിയ കോടതി, പ്രതികൾക്കെതിരെയുള്ള കേസ് നടപടി റദ്ദാക്കുകയായിരുന്നു.