കൊച്ചി: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നു ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ. ഒറ്റപ്പാലത്തിനടുത്തു മങ്കരയിൽ കോന്നി സ്വദേശികളായ മൂന്നു പെൺകുട്ടികൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ച കേസ് പരിഗണിക്കവെയാണു കോടതി നിരീക്ഷണം.

അമിത ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ അടിമകളാക്കിയെന്നും ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു. മൂന്നു പെൺകുട്ടികളും അമിതമായി ഇന്റർനറ്റ് ഉപയോഗിച്ചിരുന്നതായി കേസ് അന്വേഷിച്ചിരുന്ന പൊലീസ് സംഘം ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു പരാമർശം.

പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചാണ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ജൂലൈ പതിമൂന്നിനാണ് കോന്നിയിൽനിന്നു കാണാതായ സ്‌കൂൾ വിദ്യാർത്ഥിനികളായ ആതിര, രാജി, ആര്യ എന്നിവർ ട്രെയിനിൽനിന്നു വീണ നിലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. രാജിയും ആതിരയും തൽക്ഷണം മരിച്ചു. ആര്യ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയും മരണത്തിനു കീഴടങ്ങുകയായിരുന്നു.

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽനിന്നു പെൺകുട്ടികളെ കാണാതായത് ജൂലൈ പതിനൊന്നാണ്. കുട്ടികൾ എറണാകുളവും ബംഗളുരുവും സന്ദർശിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. കുട്ടികളുടെ ഫേസ്‌ബുക്ക് സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നെങ്കിലും മരണകാരണം കണ്ടെത്താനായിരുന്നില്ല. പെൺകുട്ടികളിലൊരാളുടെ കൈയിലുണ്ടായിരുന്ന ടാബ്ലെറ്റിലൂടെയാണ് ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായിരുന്നു. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. എഡിജിപി ബി സന്ധ്യയുടെ മേൽനോട്ടത്തിൽ ഉമാ ബെഹ്‌റ എസ്‌പിക്കായിരുന്നു അന്വേഷണച്ചുമതല.