കൊച്ചി: സുപ്രീംകോടതി വരെ പോയി നിയമപോരാട്ടം നടത്തി ഡിജിപി സ്ഥാനത്ത് എത്തിയ ടിപി സെൻകുമാറിനെ നിയമക്കുന്നതിന് മുൻപ് തച്ചങ്കരിയെ അഡ്‌മിനിസ്‌ട്രേഷൻ എഡിജിപിയായി നിയമിച്ചത് നേരത്തേ തന്നെ വലിയ ചർച്ചയായിരുന്നു. സെൻകുമാറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ തടയിടാനുമാണ് ഇത്തരമൊരു നിയമനം നടത്തിയതെന്ന ആക്ഷേപവും ഉയർന്നു.

ഇതേ വിഷയത്തിൽ കേരള ഹൈക്കോടതിയും സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. ഡിജിപിയായി ടിപി സെൻകുമാറിനെ നിയമിക്കുന്നതിന് മുൻപ് പൊലീസ് സേനയിൽ നടത്തിയ കൂട്ടസ്ഥലം മാറ്റം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം.

പൊലീസ് മേധാവി ടി.പി.സെൻകുമാറിനെ നിരീക്ഷിക്കാനാണോ ടോമിൻ തച്ചങ്കരിയെ പൊലീസ് അഡ്‌മിനിസ്‌ട്രേഷൻ എഡിജിപിയായി നിയമിച്ചതെന്നാണ് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. ഇങ്ങനെയൊരു തസ്തികയുടെ ആവശ്യമെന്തെന്നും കോടതി ആരാഞ്ഞു. ഇതാണ് ഉദ്ദേശ്യമെങ്കിൽ അത്തരത്തിലൊരാളെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുത്. തച്ചങ്കരിക്കെതിരെയുള്ള കേസുകളുടെ വിശദാംശങ്ങളും ഉടൻ സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.

കൂട്ടത്തോടെ ഉണ്ടായ സ്ഥലംമാറ്റവും ശരിയാണോ എന്നും കോടതി ആരാഞ്ഞിട്ടുണ്ട്. എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം നൽകാനാണ് സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. ആലപ്പുഴ സ്വദേശി ജോസഫാണ് ടോമിൻ ജെ. തച്ചങ്കരിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സെൻകുമാറിനെ നിരീക്ഷിക്കാൻ വേണ്ടിയാണ് തച്ചങ്കരിയെ നിയമിച്ചതെന്നു ഹർജിയിൽ ആരോപിച്ചിരുന്നു.

തച്ചങ്കരി നിരവധി കേസുകളിൽ പ്രതിയാണെന്നും ഇത്തരത്തിൽ ഒരാൾ ഇതുപോലെ ഒരു പദവിയിൽ ഇരിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഇതോടെ ഇത്തരം എല്ലാ വിവരങ്ങളും കേസുകളുടെ കാര്യങ്ങളും എല്ലാം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം നൽകണമെന്നാണ് കോടതി നിർദ്ദേശം.