കൊച്ചി: ശബരിമലയിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ യുവതീ പ്രവേശനം സാധ്യമാക്കരുതെന്ന ഹരജി ഹൈക്കോടതി തള്ളി. സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കാരന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധി പൊലീസിനെ ഉപയോഗിച്ചു തിടുക്കത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പി.ഡി. ജോസഫ് സമർപ്പിച്ച ഹർജിയാണു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സ്ത്രീകളെ ബലം പ്രയോഗിച്ചു പൊലീസ് കയറ്റുകയായിരുന്നെന്നു പത്രം ഉയർത്തിക്കാട്ടി ഹർജിക്കാരൻ വാദിച്ചപ്പോൾ, പൊലീസ് സംരക്ഷണം നൽകുന്നതാണ് അതെന്നു കോടതി പ്രതികരിച്ചു. മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാതെ യുവതികളെ പൊലീസ് സംരക്ഷണത്തിൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ നടപടികൾക്ക് ഊർജ്ജം പകരുന്നതാണ് കോടതിയുടെ നടപടി. ഈ വിഷയത്തിൽ റിവ്യൂ ഹർജികൾ അടക്കം ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കാന് ഇരിക്കയാണ്. അതിനിടെ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന സംഘർഷങ്ങളിൽ സംസ്ഥാനത്താകെ ഇതുവരെ 1,407 പേർ അറസ്റ്റിലായി. ഇതുവരെ 258 കേസുകൾ ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചിൽ ഇതുവരെ 236 പേർ അറസ്റ്റിലായി. ഇവരിൽ പലർക്കും ജാമ്യം കിട്ടിയിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തവരുടെ സ്ഥിതിവിവരക്കണക്കുകൾ പൊലീസ് ഉടൻ പുറത്തുവിടും. ശബരിമലയിൽ അക്രമം നടത്തിയവരെന്ന് പൊലീസ് തിരിച്ചറിഞ്ഞ 210 പേരുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ 160 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിഞ്ഞവരിൽ പലരും അറസ്റ്റിലായി. ഈ പട്ടികയിൽ ഉൾപ്പെട്ടവരും അല്ലാത്തവരുമായ 157 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാർ, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരിൽ ഏറെയും. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതൽ പേർ ഇന്നു തന്നെ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. ഇതിനിടെ പൊലീസ് പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസിൽ പൊലീസുകാരനും ഉൾപ്പെട്ടത് വിവാദമായി.

പട്ടികയിലെ 167-ാം നമ്പറായി ചേർത്തിരുന്നത് പത്തനംതിട്ട എ ആർ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിൽ നിന്ന് ഈ ചിത്രം നീക്കി. ശബരിമലയിൽ അക്രമം നടക്കുമ്പോൾ സിവിൽ ഡ്രസിൽ പൊലീസിനെ വിന്യസിച്ചിരുന്നുവെന്നും വീഡിയോയിൽ ഉൾപ്പെട്ട പൊലീസുകാരന്റെ ചിത്രം അബദ്ധത്തിൽ പട്ടികയിൽ ഉൾപ്പെട്ടതാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.