കൊച്ചി: ശബരിമലയിലെ യുവതി പ്രവേശം സബന്ധിച്ച് സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി. ശബരിമലയിൽ യുവതികളുടെ പ്രവേശനത്തിനായി വ്രതകാലം 21 ദിവസമായി കുറയ്ക്കണമെന്നും ഇതിന് തന്ത്രിക്ക് നിർദ്ദേശം നൽകണം എന്ന ഹർജിയും കോടതി തള്ളി.ഇത്തരം നിർദ്ദേശം തന്ത്രിക്കു നൽകാൻ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ. നാരായണൻ പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഹർജിക്കാരനോടു സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയിൽ അന്തിമ തീരുമാനം വരുന്നതുവരെ ശബരിമലയിൽ യുവതീപ്രവേശം തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ വരുന്ന ഹർജി പരിഗണിക്കാൻ അധികാരം ഇല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഹർജി തള്ളിയത്. യുവതീപ്രവേശം സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശത്തിനു വിരുദ്ധമായി നിലപാടെടുക്കാൻ കഴിയില്ല. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹർജി നൽകിയിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.