- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നതരുടെ സഹായമില്ലാതെ മരംകൊള്ള സാധ്യമല്ല; ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം; മരംമുറിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ അനധികൃത മരംമുറിയ്‌ക്കെതിരെ കർശന നിലപാടുമായി ഹൈക്കോടതി. പട്ടയഭൂമിയിലെ മരംമുറിയിൽ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സർക്കാർ ഭൂമിയിലെയും വനഭൂമിയിലെയും മരങ്ങൾ മുറിച്ച് കടത്തിയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണം.
ബന്ധപ്പെട്ട വകുപ്പിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്തരം മരംകൊള്ള സാധ്യമല്ലെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
മരം കൊള്ളയ്ക്ക് പിന്നിൽ ഉന്നതരുണ്ടെങ്കിൽ കാലതാമസമില്ലാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചു. മരം കൊള്ളയ്ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മരംമുറിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
മരംകൊള്ള ഗൗരവമുള്ള വിഷയമാണ്. ഇതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. മരംകൊള്ളയുടെ ഗൗരവം ഉൾക്കൊണ്ട് പ്രത്യേകസംഘം അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി തീർപ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്ന് വ്യക്തമാക്കി. അതിനുള്ള മാർഗരേഖയും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
പട്ടയഭൂമികളിലെ മരംമുറി കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും തൃശൂർ സ്വദേശിയുമായ ജോർജ് വട്ടുകുളമാണ് പൊതുതാൽപര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വയനാട് മുട്ടിലിലെ മരംമുറി കേസ് അടക്കമുള്ളവ കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നാണ് ആവശ്യപ്പെട്ടത്.
മരംമുറി കേസുമായി ബന്ധപ്പെട്ട് കേസ് ഡയറി അടക്കമുള്ള രേഖകൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിച്ചിരുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. കേസുകളിൽ സമഗ്ര അന്വേഷണം നടക്കുന്നതിനാൽ കാലതാമസം വരുമെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ആണ് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ