- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക ശ്രദ്ധവേണ്ട വസ്തുക്കളുടെ കയറ്റിറക്ക്; ഉടമയ്ക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിക്കാമെന്ന് ഹൈക്കോടതി; മികച്ച പാക്കിങ്ങ് ആണെങ്കിൽ പൊട്ടില്ലെന്ന് ചുമട്ടുതൊഴിലാളി വെൽഫെയർ ബോർഡ്
കൊച്ചി : മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ കയറ്റിറക്കിനു സ്ഥാപന ഉടമയ്ക്കു പ്രത്യേക വൈദഗ്ധ്യമുള്ള, പരിശീലനം സിദ്ധിച്ച സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്നു ഹൈക്കോടതി ഉത്തരവ്.
'എളുപ്പം പൊട്ടുന്നത്' എന്നു നിർമ്മാതാക്കൾ പറഞ്ഞിരിക്കുന്ന വസ്തുക്കളുടെ കയറ്റിറക്കിനും സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, മറ്റു വസ്തുക്കളുടെ കയറ്റിറക്കിനു ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ പൂളിലുള്ള തൊഴിലാളികളെ നിയോഗിക്കണമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
കയറ്റിറക്കിനു സംരക്ഷണം തേടി ഏതാനും സ്ഥാപന ഉടമകൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തം തൊഴിലാളികളെക്കൊണ്ട് ഇറക്കാൻ ഇവരിലൊരാൾക്കു ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നിട്ടും തൊഴിലാളികളുടെ ഭാഗത്തുനിന്നു ഭീഷണിയുണ്ടായതിനെ തുടർന്നാണു കോടതിയെ സമീപിച്ചത്. ഹർജിക്കാർക്കും ജീവനക്കാർക്കും സംരക്ഷണം നൽകാൻ കോടതി നിർദ്ദേശം നൽകി.
എളുപ്പം പൊട്ടുന്നത് അടക്കമുള്ള വസ്തുക്കളുടെ കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ ഏർപ്പെടുത്താമെന്നു ചുമട്ടുതൊഴിലാളി നിയമം 2008 ലെ ഭേദഗതി പ്രകാരം അനുവദിച്ചിട്ടുണ്ടെന്നു ഹർജിക്കാർ അറിയിച്ചിരുന്നു. എന്നാൽ, മികച്ച പാക്കിങ് ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കയറ്റിറക്കിനിടയിൽ പ്രശ്‌നമുണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു ചുമട്ടുതൊഴിലാളി വെൽഫെയർ ബോർഡിന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ