കൊച്ചി: മദ്യപിച്ചു വാഹനമോടിച്ചെന്ന കേസിൽ പ്രിന്റഡ് ഫോമിൽ പൂരിപ്പിച്ചു നൽകിയ സാക്ഷിമൊഴി പ്രോസിക്യൂഷൻ ഹാജരാക്കിയതു സ്വീകാര്യമല്ലെന്നു ഹൈക്കോടതി. ബ്രത്തനലൈസർ പരിശോധനയിൽ മദ്യത്തിന്റെ സ്വാധീനം പരിശോധിച്ച് ഉറപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കേസ് നടപടി റദ്ദാക്കി.

മദ്യലഹരിയിൽ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതായി ആരോപിക്കുന്ന കേസിനെതിരെ പത്തനംതിട്ട സ്വദേശി റെഞ്ചി ജോർജ് സമർപ്പിച്ച ഹർജി അനുവദിച്ചാണു കോടതി നടപടി. ഹർജിക്കാരൻ മദ്യപിച്ചെങ്കിലും മദ്യത്തിന്റ സ്വാധീനത്തിലല്ലെന്നാണ് ആശുപത്രിയിലെ ഡോക്ടർ സാക്ഷ്യപ്പെടുത്തിയത്.

ദൃക്‌സാക്ഷികളായി രണ്ടു പൊലീസ് ഓഫിസർമാരുടെ മൊഴിയാണു പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. എന്നാൽ നിയ തരൂപത്തിലുള്ള പ്രിന്റഡ് ഫോമിൽ സാക്ഷികളുടെയും കുറ്റകൃത്യത്തിന്റെയും മറ്റും വിവരങ്ങൾ പൂരിപ്പിച്ചു നൽകിയിരിക്കുകയാണ്.ഇതു സ്വീകാര്യമല്ലെന്നു പറഞ്ഞ കോടതി, സാക്ഷികളും വിവരം നൽകുന്നവരും സ്വമേധയാ വെളിപ്പെടുത്തുന്ന വസ്തുതകളാണു മൊഴിയിൽ വേണ്ടതെന്നു വ്യക്തമാക്കി.