- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഷീൽഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി; വാക്സിനേഷന്റെ മാനദണ്ഡം ഫലപ്രാപ്തിയോ ലഭ്യതയോ എന്ന് അറിയിക്കാൻ കേന്ദ്രസർക്കാറിന് നിർദ്ദേശം
കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്സിൻ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
ഒന്നാം ഡോസ് വാക്സീനെടുത്ത ജീവനക്കാർക്ക് 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്സീൻ നൽകാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്സ് കമ്പനി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.
ജീവനക്കാർക്ക് വേണ്ട വാക്സിൻ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകാൻ കമ്പനി അനുമതി തേടിയിരുന്നു. എന്നാൽ 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് നൽകാൻ സർക്കാർ അനുമതി നൽകിയില്ല. ഇതേത്തുടർന്നാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രമാണ് നിലപാട് എടുക്കേണ്ടതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. തുടർന്നാണ് കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയത്.
സ്വന്തം നിലയിൽ വാക്സിൻ വാങ്ങുന്നവർക്ക് ഇടവേള കുറയ്ക്കാമല്ലോ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. കേന്ദ്രം ഇക്കാര്യത്തിൽ ഉടൻ നിലപാട് അറിയിക്കും. കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ആദ്യഘട്ടം വാക്സീനേഷൻ ആരംഭിക്കുമ്പോൾ രണ്ടു കോവിഷീൽഡ് ഡോസുകൾക്ക് ഇടയിലുള്ള കാലാവധി ആറാഴ്ച ആയിരുന്നെങ്കിലും വാക്സീൻ ലഭ്യത ഇല്ലാതെ വന്നതോടെയാണ് ദൈർഘ്യം നീട്ടിയത് എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫലപ്രാപ്തിക്ക് 84 ദിവസം തന്നെ കാത്തിരിക്കണോ എന്നു വ്യക്തമാക്കണമെന്നു കേന്ദ്രത്തോടു ചോദിച്ചിരിക്കുന്നത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
കിറ്റെക്സ് കമ്പനി ജീവനക്കാർക്ക് രണ്ടാം ഡോസ് നൽകുന്നതിന് 12000 ഡോസ് വാക്സീൻ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഇതു നൽകാൻ ആരോഗ്യ വിഭാഗത്തോടു നിർദേശിക്കണം എന്നാവശ്യപ്പെട്ടാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ആദ്യ ഡോസ് എടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസ് നൽകാൻ അനുമതി ലഭിച്ചിട്ടില്ല എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതു കാണിച്ച് കമ്പനി ജില്ലാ മെഡിക്കൽ ഓഫിസർക്കും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും അപേക്ഷ നൽകിയിരുന്നു.
ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് എന്ന് സംസ്ഥാന സർക്കാർ നേരത്തെ കേസ് പരിഗണിക്കുമ്പോൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ 45 ദിവസം കഴിഞ്ഞവരെ വാക്സീൻ എടുക്കാൻ അനുവദിക്കണമെന്നാണ് കിറ്റെക്സ് ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ