എറണാകുളം: ഡബ്ലുസിസിയും അമ്മയും തമ്മിലുള്ള തുറന്ന പോര് വീണ്ടും ശക്തമാകുന്നു. താരസംഘടനയായ അമ്മയിൽ അടുത്തിടെ രൂപീകരിച്ച ആഭ്യന്തര പരിഹാര സമിതി നിയമങ്ങൾ പാലിച്ചാണോ രൂപീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും താരസംഘടനയോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ഡബ്ല്യുസിസി അംഗങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദ്ദേശം. അമ്മയിൽ നിർമ്മിച്ച സമിതി നിയമപ്രകാരമുള്ളതല്ല എന്നാണ് ഡബ്ല്യുസിസി അംഗങ്ങൾ ആരോപിക്കുന്നത്. സമിതിയിലുള്ള മൂന്നംഗങ്ങളും സിനിമാ മേഖലയിൽ നിന്നുള്ളവരാണെന്നും പുറത്ത് നിന്നുള്ളവരെ സമിതിയിൽ അംഗമാക്കണമെന്ന നിബന്ധന താരസംഘടന പാലിച്ചിരുന്നില്ലെന്നും ഡബ്ല്യുസിസി സമർപ്പിച്ച ഹർജിയിൽ പറയുന്നു.

ഇതിന് പിന്നാലെയാണ് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ അമ്മയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാരിനെയും അമ്മയെയും എതിർകക്ഷിയാക്കിയാണ് ഹർജി.   അബുദാബിയിൽ അടുത്തമാസം ഏഴിന് നടക്കുന്ന അമ്മ ഷോയ്ക്ക് ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്നും ഡബ്യു.സി.സി പരാതി നൽകിയിരുന്നു.

അതേസമയം ഡബ്ല്യു.സി.സിയുടെ ഹരജിയെ നിയമപരമായി നേരിടുമെന്ന് അമ്മ പറഞ്ഞിരുന്നു. ഹരജിക്ക് അഭിഭാഷകർ മറുപടി നൽകുമെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. പുറത്തുപോയ നടിമാർ വന്നാൽ തിരിച്ചെടുക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. രാജിവെച്ച നടിമാരെ തിരിച്ചെടുക്കണമെങ്കിൽ അവർ മാപ്പെഴുതി നൽകണമെന്നായിരുന്നു അമ്മയുടെ മുൻ നിലപാട്. എന്നാൽ അതുവേണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്.