കൊച്ചി: കേരള ബാങ്കിൽ പിൻവാതിൽ നിയമനത്തിലൂടെ 1850 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഇടത് സർക്കാർ നീക്കത്തിനു തിരിച്ചടി. പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയുടെ ഹർജിയിൽ സ്ഥിരപ്പെടുത്തൽ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. പിഎസ്‌സിക്കു വിടാത്ത തസ്തികകളിലേക്കാണ് നിയമനം നടത്തുന്നതെന്ന സർക്കാർ വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.

കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ലിജിത് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും കേരള ബാങ്കിന്റെയും വിശദീകരണം തേടിയിരുന്നു. 13 ജില്ലാബാങ്കുകൾ ലയിപ്പിച്ച് 2019 നവംബർ 29-നാണ് കേരള ബാങ്കിന് രൂപം നൽകിയത്. ഇതിനുശേഷം കരാർ അടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലും 1850 പേരെ വിവിധ തസ്തികകളിൽ നിയമിച്ചിരുന്നു. ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരേയാണ് ഹർജി.

കേരള ബാങ്ക് ബോർഡ് യോഗം ചൊവ്വാഴ്ച സ്ഥിരപ്പെടുത്തൽ ചർച്ചചെയ്യാൻ ഇരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കമില്ലെന്നായിരുന്നു കേരളാ ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകൾ ഹർജിക്കാരൻ ഹാജരാക്കിയതോടെയാണ് കോടതി ഇടപെട്ടത്.

കേരള ബാങ്കിൽ ചീഫ് എക്‌സിക്യൂട്ടീവ് മുതൽ പ്യൂൺവരെയുള്ള നിയമനത്തിന് പിഎസ്‌സിക്കാണ് അധികാരമെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. പിഎസ്‌സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിൽ വിവിധ തസ്തികകളിൽ അപേക്ഷ നൽകാൻ തനിക്കു യോഗ്യതയുണ്ടെന്നു കണ്ണൂർ സ്വദേശിയും എംകോം ബിരുദധാരിയുമായ എ. ലിജിത്ത് ഹർജിയിൽ പറയുന്നു. ഭരിക്കുന്ന പാർട്ടിയോട് കൂറുള്ളവരെയാണു താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നത്.

ഇവരെ ക്രമപ്പെടുത്തുന്നതു കേരള സഹകരണ സൊസൈറ്റി (കെസിഎസ്) നിയമത്തിന്റെ ലംഘനമാണ്. വ്യവസ്ഥകൾ പാലിക്കാതെ നടത്തിയ നിയമനങ്ങൾ നിയമവിരുദ്ധമാണെന്നും സംസ്ഥാന സർക്കാരിനു ക്രമപ്പെടുത്താനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടുണ്ട്. 2019 നവംബർ 29നുള്ള ലയനത്തിനുശേഷം കണക്കുക്കൂട്ടിയാണു എല്ലാ ശാഖകളിലും കരാർ അടിസ്ഥാനത്തിൽ പാർട്ടി അനുഭാവികളെ നിയമിച്ചത് 13 ജില്ലാ ബാങ്കുകളിലെയും ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിരുന്നെന്നും ലയനത്തിനുശേഷം ഇതുണ്ടായിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു.

ക്ലാർക്ക്-846, പ്യൂൺ/വാച്ച്മാൻ-482, താത്കാലിക തൂപ്പുകാർ-300, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ-180, പ്ലംബർ-28, സിസ്റ്റം അനലിസ്റ്റ്-10, ഐ.ടി. മാനേജർ-രണ്ട്, ലോ ഓഫീസർ- ഒന്ന്, കംപ്യൂട്ടർ എൻജിനീയർ -ഒന്ന് എന്നീ തസ്തികയിലുള്ളവരെയാണ് സ്ഥിരപ്പെടുത്താൻ നീക്കം നടന്നത്. കേരള സംസ്ഥാന സഹകരണ ബാങ്കിലെ നിയമനം 1995 മുതൽ പി.എസ്.സി.യാണ് നടത്തുന്നത്. കേരള ബാങ്ക് ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ആർട്ടിക്കിൾ 162 പ്രകാരം സർക്കാരിന് അധികാരമില്ല. അതിനാൽ സ്ഥിരപ്പെടുത്താനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു.