കൊച്ചി: പട്ടയഭൂമി കാർഷിക ആവശ്യത്തിനും താമസത്തിനും മാത്രമായിരിക്കണമെന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം. പട്ടയ ഭൂമിയിൽ ഖനനം അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്താണു ഹൈക്കോടതിയുടെ നിർദ്ദേശം.

എന്തിനു വേണ്ടിയാണോ ഭൂമി നൽകിയത് അതിനു വേണ്ടി മാത്രമായിരിക്കണം ഭൂമി ഉപയോഗിക്കേണ്ടത്. നിയമപിൻബലമില്ലാത്ത ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് അധികാരമില്ല.

പട്ടയഭൂമിയിൽ ക്വാറിയുടെയും മറ്റും ഖനനം അനുവദിച്ച് നവംബർ 11ന് സർക്കാർ ഇറക്കിയ ഉത്തരവാണ് കോടതി റദ്ദാക്കിയത്. എറണാകുളം സ്വദേശി മനു എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.

തന്റെ കൃഷിഭൂമിയോടു ചേർന്നുള്ള സ്ഥലത്ത് പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്‌പ്പിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
ഭൂരഹിതർക്ക് സർക്കാർ നൽകുന്ന പട്ടയഭൂമിയിലാണ് ഖനനം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഭൂപതിവ് ചട്ടത്തിൽ യാതൊരു ഭേദഗതിയും പാടില്ലെന്ന് ഫയലിൽ നോട്ട് എഴുതിയ ഉദ്യോഗസ്ഥരുടെ എതിർപ്പിനെ പൂർണ്ണമായും നിരാകരിച്ചുകൊണ്ടായിരുന്നു സർക്കാർ നടപടി. 1964ലെ ലാൻഡ് അസൈന്മെന്റ് റൂൾ പ്രകാരം സർക്കാർ നൽകുന്ന പട്ടയ ഭൂമിയിൽ ഖനനം നടത്തിയാൽ നിയമത്തിലെ എട്ടാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് പ്രകാരം ഭൂമി സർക്കാരിന് കണ്ടുകെട്ടാം. ഈ വകുപ്പ് അട്ടിമറിച്ചായിരുന്നു സർക്കാർ ഉത്തരവ്.