കൊച്ചി: ശബരിമലയുടെ പാരമ്പര്യം എല്ലാവർക്കും അവകാശപ്പെട്ടതെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിശ്വാസികൾക്ക് മാത്രമേ ക്ഷേത്രദർശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബിജെപി ബൗദ്ധിക വിഭാഗം സംസ്ഥാന കൺവീനർ ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ശബരിമല ദർശനത്തിന് മതം ബാധകമാണെന്ന വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ വിഷയത്തിൽ നിലപാട് കൈക്കൊണ്ടത്.

ശബരിമല എല്ലാവരുടേയുമാണ്, ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയ്ക്ക് പോകാം. പതിനെട്ടാം പടിയിലൂടെ കയറാൻ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളൂവെന്നം കോടതി വ്യക്തമാക്കി. അല്ലാത്തവർക്ക് നേരെ എതിർവശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദർശനം സംബന്ധിച്ച് ഈ കീഴ് വഴക്കം നിലനിന്നു പോരുന്നതാണ്.

നാനാജാതിമതസ്ഥർക്കും കടന്നുവരാവുന്ന ഇടമാണ് ശബരിമലയെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജിയിൽ അതൃപ്തി പ്രകടിപ്പിക്കുകയും ഹർജി തള്ളുകയും ചെയ്തു. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് പ്രകാരം ദർശനം നടത്താൻ പൊലീസ് സുരക്ഷ വേണമെന്ന ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിച്ചു.

യുവതികൾക്ക് ദർശനത്തിനായി സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. യുവതികൾ സുരക്ഷതേടി ആദ്യം സമീപിക്കേണ്ടത് പൊലീസിനെ ആണെന്നും കോടതി വ്യക്തമാക്കി. അതേസമയം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ക്രിമിനലുകൾ സന്നിധാനത്ത് എത്തിയിരുന്നെന്നും സർക്കാാർ കോടതി മുമ്പാകെ വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാനാണ് സമരക്കാർ ശ്രമിച്ചതെന്നം സർക്കാർ വ്യക്തമാക്കി. അതേസമയം പൊലീസ് നടത്തിയ അക്രമത്തിൽ നടപടി സ്വീകരിച്ചോ എന്നും കോടതി ചോദിച്ചു.