ദോഹ: ആഡംബര ഭവനങ്ങളുടെ വാടകയിൽ കനത്ത ഇടിവു നേരിടുന്നതായി രണ്ടാം പാദത്തിലെ കണക്കുകൾ വ്യക്തമാക്കുന്നു. ആയിരം റിയാൽ മുതൽ മൂവായിരം റിയാൽ വരെയാണ് മാസവാടകയിനത്തിൽ ഇടിവുണ്ടായിട്ടുള്ളതെന്ന് റിയൽ എസ്റ്റേറ്റ് കമ്പനി നടത്തിയ കണക്കെടുപ്പിൽ വ്യക്തമായിട്ടുണ്ട്. എണ്ണവില ഇടിയുകയും വൈറ്റ് കോളർ ജോലിക്കാരുടെ എണ്ണത്തിൽ കുറവു നേരിടുകയും ചെയ്തതോടെയാണ് ഭവനവിപണിയിൽ മാന്ദ്യം ഉണ്ടായതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

പ്രധാന റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ ഉൾപ്പെടെ അഞ്ചു മുതൽ പത്തു ശതമാനം വരെ വീടുകൾ ഒഴിഞ്ഞും കിടക്കുകയാണ്. അതുകൊണ്ടു തന്നെ ഒന്നോ രണ്ടോ മാസത്തെ വാടകയിളവും ഉടസ്ഥർ പ്രഖ്യാപിച്ചിട്ടുണ്ട്. ആഡംബര വീടുകളുടെ വാടകയിനത്തിൽ ഏറെ ഇടിവു നേരിട്ടിട്ടുണ്ടെങ്കിലും ഇടത്തരം വീടുകളുടെ വാടകയിനത്തിൽ ഇത്രത്തോളം ഇടിവുണ്ടായിട്ടില്ല.

2013 ഏപ്രിലിന് ശേഷം രാജ്യത്ത് ആദ്യമായാണ് വീടുകളുടെ വിലയിൽ ഇടിവുണ്ടാകുന്നത്. 2013 ഏപ്രിലിന് ശേഷം വാടക നിരക്ക് അതേപടി തന്നെ നിലനിൽക്കുകയായിരുന്നു. കൂടുതൽ വീടുകൾ വരുന്നതോടെ ആഡംബര ഭവനങ്ങൾക്ക് ഇനിയും വാടക കുറഞ്ഞേക്കും. 2011 മുതൽ 2015 വരെ വാടക നിരക്ക് ഉയർന്ന നിലയിൽ തന്നെ ഇപ്പോൾ പിന്നോട്ടടിക്കുകയാണ്.

കമ്പനികൾ അടച്ചുപൂട്ടുകയും മറ്റും ഉണ്ടായതിന്റെ പേരിൽ ആയിരണക്കിന് ആൾക്കാർ ഖത്തർ വീട്ടുപോയിട്ടുമുണ്ട്. എന്നിരുന്നാലും കഴിഞ്ഞ 12 മാസത്തിനുള്ളിൽ മൊത്തം ജനസംഖ്യ ഒമ്പതു ശതമാനം വർധിച്ചിട്ടുണ്ട്.  തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വർദ്ധനയാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ വാടകയിലും ഇളവ് നൽകുന്നുണ്ട്. ഇത് മുതലെടുക്കാൻ പല സ്വകാര്യ കമ്പനികളും തയ്യാറെടുക്കുന്നതായാണ് സൂചന