തൃശ്ശൂർ: സംസ്ഥാനത്ത് ആരുമാലും നിയന്ത്രിക്കപ്പെടാതെ തോന്നിയതു പോലെ ഫീസ് ഈടാക്കി പ്രവർത്തിക്കുന്നവയാണ് സ്വകാര്യ ആശുപത്രികൾ. പല ആശുപത്രികളിലും പരിശോധനാ ഫീസുകളും മറ്റ് ചാർജ്ജുകളും വ്യത്യസ്തമായ നിരക്കിലാണ്. ഇതിനെ ഏകീകരിക്കാൻ യാതൊരു സംവിധാനങ്ങളും ഇല്ലതാനും. അതുകൊണ്ട് ചികിത്സതേടി എത്തുന്നവരെ പരമാവധി പിഴിയുന്ന നിലപാടാണ് മിക്ക ആശുപത്രിയും സ്വീകരിച്ചത്. പലപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി പോയാൽ കുടുംബം പോലും പണയത്തിലാകുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ അറവുശാലകളെ പോലെ പ്രവർത്തിക്കുന്ന ആശുപത്രികൾക്കെതിരെ പ്രതിഷേധം ഉയർത്താനും ആരും തയ്യാറാകാറില്ല. അനീതി കണ്ടാൽ പ്രതികരിക്കാൻ മലയാളികൾക്കും മടി വർദ്ധിക്കുകയാണ്.

എന്നാൽ, തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ യുവാവ് ഫേസ്‌ബുക്കിൽ കുറിച്ച് പോസ്റ്റ് സൈബർലോകത്ത് വൈറലാകുകയാണ്. രക്തം ദാനം ചെയ്യാൻപോയപ്പോൾ പരിശോധനയുടെ പേരിൽ വൻതുക ഈടാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യുവാവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. രക്തം ദാനം ചെയ്യുമ്പോൾ ഡോണറുടെ രക്തവും സ്വീ്കർത്താവിന്റെ രക്തവും തമ്മിൽ ചേരുമോ എന്നറിയാൻ നടത്തിയ പരിശോധനയിൽ തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രി ലാബിൽ ഈാടക്കിയത് 1580 രൂപ ആയിരുന്നു. മറ്റ് സ്വകാര്യ ആശുപത്രികളിൽ ഇല്ലാത്ത നഗ്നമായ പകൽകൊള്ളയാണ് ഈ ആശുപത്രിയിൽ നടന്നത്. തൃശ്ശൂരിൽ തന്നെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഇതിന്റെ നേർപകുതിയിൽ താഴെ രൂപയാണ് ഈടാക്കിയിരുന്നത്. മുമ്പ് കുട്ടിയുടെ ചികിത്സാ ചെലവിനായി മുൻകൂറായി പണം കെട്ടിവെക്കാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചെന്ന ആരോപണവും സ്റ്റെഫിൻ സണ്ണിയെന്ന യുവാവ് ഫേസ്‌ബുക്കിലൂടെ ഉയർത്തുന്നു.

ആശുപത്രികളിലെ ചികിത്സാഫീസും പരിശോധനാ ഫീസും ഏകീകരിക്കാൻ നടപടി സ്വീകരിക്കേണ്ട ഘട്ടം ആയെന്ന് ഓർമ്മപ്പെടുത്തുന്നതാണ് സ്റ്റെഫിൻ സണ്ണിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. ആശുപത്രിയുടെ പകൽകൊള്ളയെ കുറിച്ചുള്ള സ്റ്റെഫിൻ സണ്ണിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:

ഒന്നുകിൽ പുരുഷൻ, അല്ലെങ്കിൽ സ്ത്രീ., പ്രതികരണശേഷിയുള്ള ഈ പറഞ്ഞ കൂട്ടത്തിലുള്ളവർ മാത്രം ഇത് വായിച്ചാൽ മതി. വായിക്കുന്നെങ്കിൽ മുഴുവൻ വായിക്കണം. എന്റെ പേരു സ്റ്റെഫിൻ സണ്ണി. ഇന്നലെ (05/08/2015) ഉച്ചയ്ക്ക് Ave 4 യൂണിറ്റ് തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിലേയ്ക്കു വേണം എന്ന് പറഞ്ഞു ഫോൺ വന്നതിനെ തുടർന്ന് Ave ദാതാവായ നിവേദിനെയും കൊണ്ട് അവിടെ എത്തി. 18 വയസ്സുള്ള ആക്‌സിഡന്റിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിലായ ഒരു അനുജന് ആയിരുന്നു രക്തത്തിന്റെ ആവശ്യം. ഒരു ലാബിലേയ്ക്കാണ് നിവേദിനെ അവർ കൊണ്ടുപോയത്. രക്തം ശേഖരിക്കാൻ പ്രത്യേകിച്ചു ഒരു സംവിധാനവും ഇല്ലായിരുന്നു അവിടെ. അവിടെ കട്ടിലിൽ കിടത്തി രക്തം ശേഖരിക്കുന്ന ബാഗ് തറയിൽ വച്ചാണ് അവർ രക്തം എടുത്തിരുന്നത്. നിവെദിനു എന്നല്ല ഒരു ജീവൻ രക്ഷിക്കാനായി രക്തം ദാനം ചെയ്യുന്ന ഒരു ദാതാവിനും ഒരുപാടു വലിയ സൗകര്യങ്ങളൊന്നും വേണമെന്നില്ല. ഏതു കുപ്പത്തൊട്ടിയിലായാലും അവർ രക്തദാനമെന്ന ജീവൻ ദാനത്തിനു തയ്യാറാണ്. പക്ഷെ പെട്ടെന്നാണ് യാദ്രിശ്ചികമായി രക്തം ശേഖരിക്കപ്പെട്ട ആ 'ലാബിൽ' നിന്നും രോഗിയുടെ ബന്ധുമിത്രാതികൾക്കു കൊടുത്ത ബില്ലുകൾ ശ്രദ്ധയിൽ പെട്ടത്. ഒരു ഡോണറുടെ രക്തം ക്രോസ്മാച്ച് ചെയ്യുവാനായി തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിൽ വാങ്ങുന്നത് 1580/ രൂപയാണെന്ന് അപ്പോഴാണ് മനസ്സിലായത്. ഉടനെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലേയ്ക്ക് വിളിച്ചു. അവിടെ വെറും 650/ രൂപയേ ഇതേ പ്രോസസ്സിനു വരുന്നുള്ളൂ.

എന്റെ ഓർമ്മ ശരിയാണെങ്കിൽ IMA യിൽ ഒരു യൂണിറ്റ് രക്തത്തിന് വാങ്ങുന്നത് വെറും 625/ രൂപ മാത്രമാണ്. ഈ പകൽക്കൊള്ളയെ കുറിച്ച് ആശുപത്രിയിലെ Front Office Manager ഓടു സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ഇങ്ങനെയാണ് 'പണമില്ലാത്തവർ പോകേണ്ടത് ഗവന്മെന്റ് മെഡിക്കൽ കോളേജിൽ ആണ്.., ഞങ്ങളുടേത് ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ്.., ഇവിടത്തെ മാനേജ്മന്റ് തീരുമാനിക്കുന്ന റേറ്റുകൾ ചോദ്യം ചെയ്യാൻ ഒരു അതൊരിറ്റിക്കും അവകാശമില്ല 'അവിടെ നിന്നും ഇറങ്ങിയപ്പോഴാണ് 10000/ രൂപ കേട്ടിവേചാലെ കുട്ടിയെ ചികിൽസിക്കൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി അറിഞ്ഞത്. പണ്ടം പണയം വച്ച് പറഞ്ഞ പണം അവിടെ അടച്ചതിനു ശേഷമാണ് അവർ ചികിത്സ തുടങ്ങിയതത്രെ... നമ്മുടെ നാടിന്റെ ശാപം പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹമാണ്. ഈ വിഷയത്തിലും മിണ്ടാതെ ഇരിക്കുവാനേ നിങ്ങൾക്ക് കഴിയുന്നുള്ളൂ എങ്കിൽ എനിക്കിനിയൊന്നും പറയാനില്ല അവനവനു വരുന്ന വരെ സമൂഹത്തിന്റെ പ്രശ്‌നം തന്റെതല്ല, അപരന്റേതാണെന്ന് തോന്നുന്നെങ്കിൽ ഇനിയും ഷൺടരായി ഇരുന്നു കൊള്ളൂ.

ഈ വിഷയം രേഖാമൂലം DMO യ്ക്ക് പരാതിയായി അറിയിച്ചിട്ടുണ്ട്. ലഭിച്ച വിവരമനുസരിച്ച് ഭരണതലത്തിൽ നിന്നും നടപടി ഉണ്ടാവുക ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള 'അറവുശാലകൾ' നമുക്ക് വേണോ എന്ന് തീരുമാനിയ്‌ക്കേണ്ടത് നാം തന്നെയാണ്. അതെ പൊതുജനം. വൃഥാ ഒരു നിയമ പോരാട്ടത്തിന്റെ മുന്നിൽ നില്ക്കാൻ ഞാനില്ല. ആര്‌ക്കെങ്കിലും ഇതു ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിന്റെ പ്രശ്‌നമാണ്., പ്രതികരിക്കണം എന്നു തോന്നുന്നെങ്കിൽ ഞാൻ കൂടെ ഉണ്ടാവും. പത്രമാദ്ധ്യമങ്ങളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. നട്ടെല്ലുള്ളൂവരുടെ മാദ്ധ്യമമായി സോഷ്യൽ മീഡിയയെ കാണുന്നു ഇപ്പോഴും അതു കൊണ്ട് മാത്രം പോസ്റ്റ് ചെയ്യുന്നു.

ഒന്നുകിൽ പുരുഷൻ, അല്ലെങ്കിൽ സ്ത്രീ., പ്രതികരണശേഷിയുള്ള ഈ പറഞ്ഞ കൂട്ടത്തിലുള്ളവർ മാത്രം ഇത് വായിച്ചാൽ മതി. വായിക്കുന്നെ...

Posted by New Generation - ന്യൂ ജനറേഷൻ on Friday, August 7, 2015