വാഷിങ്ടൺ: ശാരീരിക അകലം പാലിക്കുന്നത് കോവിഡ് വ്യാപനത്തെ ഫലപ്രദമായി തടയുമെന്ന് പഠന റിപ്പോർട്ട്. മിസ്സൗറി സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. അന്തരീക്ഷ ആർദ്രതയും കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിലെ ഈർപ്പനില ഉയർന്നതാണെങ്കിൽ വൈറസ് വാഹകരായ, ഇടത്തരം വലിപ്പമുള്ള കണങ്ങളുടെ ആയുർദൈർഘ്യം 23 ഇരട്ടിവരെയെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. ജേണൽ ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശ്വസനം, സംസാരം, ചുമയ്ക്കൽ തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലൂടെയാണ് കോവിഡ് 19-ന് കാരണമാകുന്ന കൊറോണ വൈറസിന്റെ വ്യാപനം നടക്കുന്നതെന്നാണ് കരുതുന്നത്. എന്നാൽ എങ്ങിനെയാണ് ഈ വൈറസ് വായുവിലൂടെ പകരുന്നത് എന്നതിനെ കുറിച്ച് വളരെ കുറച്ചുമാത്രമേ അറിയാൻ സാധിച്ചിട്ടുള്ളൂവെന്നും ഗവേഷകർ പറയുന്നു.

കോവിഡ് രോഗിയുടെ നിശ്വാസവായുവിലുള്ള വൈറസിനെ വായുവിന്റെയും ദ്രവകണത്തിന്റെയും ചലനം എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു പരീക്ഷണം. സാമൂഹിക അകലം പാലിക്കൽ കോവിഡ് പ്രതിരോധത്തിൽ ഏറെ നിർണായകമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. നിശ്വാസവായുവിലെ കണങ്ങളുടെ സഞ്ചാരപഥത്തെ വായുവിലെ മർദവ്യത്യാസം എങ്ങനെ ബാധിക്കുന്നുവെന്ന് മിസ്സൗറി സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത മാതൃകയിൽ വിശദമായി പറയുന്നുണ്ട്.

കണങ്ങളിൽ അടങ്ങിയിരിക്കുന്ന വൈറസുകളുടെ സാന്നിധ്യം അതിന്റെ വലിപ്പത്തിന് ആനുപാതികമാണെങ്കിൽ, ചുമയ്ക്കുമ്പോൾ 70 ശതമാനം വൈറസുകളും പുറത്തെത്തും- ഗവേഷകൻ ബിൻബിൻ വാങ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് വൈറസ് വാഹകരായ കണങ്ങൾ ആളുകളിൽ പതിക്കുന്നത് കുറയ്ക്കുകയും രോഗബാധ കുറയ്ക്കുമെന്നും വാങ് കൂട്ടിച്ചേർത്തു.