ഡബ്ലിൻ: ഡബ്ലിൻ ഉൾപ്പെടെ ആറു കൗണ്ടികളിൽ 20 യൂറോയുടെ വ്യാജ നോട്ടുകൾ പരക്കുന്നതായി മുന്നറിയിപ്പ്. ഉപയോക്താക്കളും റീട്ടെയ്‌ലർമാരും വ്യാജനോട്ടിനെതിരേ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഗാർഡ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡബ്ലിൻ, വാട്ടർഫോർഡ്, കോർക്ക്, ടിപ്പറാറി, കിൽഡെയർ, ലീമെറിക് എന്നീ കൗണ്ടികളിലാണ് 20 യൂറോയുടെ വ്യാജനോട്ടുകൾ വ്യാപകമായിരിക്കുന്നത്.

ആറു കൗണ്ടികളിലെ മാർക്കറ്റുകളിൽ ഈ വ്യാജനോട്ടുകൾ പരക്കേ വിപണനം നടക്കുന്നുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ചും പ്രധാനസംഭവങ്ങളോടനുബന്ധിച്ചും ഇവ പ്രചരിപ്പിക്കുകയാണ് വ്യാജനോട്ടുകൾ ഉത്പാദിപ്പിച്ചവർ ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. കൈമാറ്റം ചെയ്യപ്പെടുന്ന 20 യൂറോ നോട്ടുകൾ വ്യാജനാണോ ഒറിജിനലാണോ എന്ന് പ്രത്യേകം ഉറപ്പാക്കിയ ശേഷമേ കൈപ്പറ്റാവൂ എന്നും ഗാർഡ വ്യക്തമാക്കിയിട്ടുണ്ട്.

ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വ്യാജൻ ഇറങ്ങിയിട്ടുള്ളത്. 20 യൂറോ നോട്ടുകൾക്കാണ് പരക്കെ വ്യാജൻ ഇറങ്ങിയിട്ടുള്ളതെങ്കിലും 50 യൂറോ നോട്ടുകളും വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ സ്വീകരിക്കാവൂ എന്നും മുന്നറിയിപ്പുണ്ട്.