ലണ്ടൻ: ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ എബോള വൈറസ് യൂറോപ്പിലും ഈ മാസം തന്നെ സാന്നിധ്യമറിയിക്കുമെന്ന് ശാസ്ത്രജ്ഞർ. യൂറോപ്യൻ രാജ്യങ്ങളിൽ ഫ്രാൻസിലും യുകെയിലും ഈ മാസം അവസാനം എബോള വൈറസ് പിടിപെടുമെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ എബോളയുടെ നിഴലിൽ ആണെന്നു വ്യക്തമായി.

ഫ്രാൻസിൽ ഒക്ടോബർ അവസാനവാരത്തോടെ എബോള വൈറസ് എത്തുമെന്ന് 75 ശതമാനമാണ് ശാസ്ത്രജ്ഞർ ഉറപ്പിക്കുന്നത്. അതേ സമയത്തോടെ തന്നെ ബ്രിട്ടണിലും എബോള വൈറസ് എത്തും. ബ്രിട്ടണിൽ എബോള ബാധയ്ക്ക് 50 ശതമാനമാണ് ചാൻസ് ശാസ്ത്രജ്ഞർ പറയുന്നത്. എബോള പൊട്ടിപ്പുറപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഫ്രാൻസിലേക്ക് ഈ സമയങ്ങളിൽ കൂടുതൽ എയർ ട്രാഫിക് നടന്നിട്ടുള്ളതാണ് എബോള ആദ്യം ഫ്രാൻസിനെ പിടിപെടാനുള്ള സാധ്യത കൂട്ടിയത്. ഗിന്നിയ, സിയേറ ലിയോൺ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് അടുത്ത കാലത്ത് വിമാന സർവീസുകൾ കുറച്ചുവെങ്കിലും ഫ്രാൻസിൽ നിന്നും ഈ രാജ്യങ്ങളിലേക്ക് കൂടുതൽ ആളുകൾ യാത്ര ചെയ്തുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടണിലെ ഹീത്രൂ എയർപോർട്ടാണ് ഇക്കാര്യത്തിൽ രണ്ടാമത് നിൽക്കുന്നത്.

ഈ രണ്ടു രാജ്യങ്ങളിലും എബോള വൈറസ് ബാധിതരായി ആൾക്കാർ എത്തുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ രോഗം ബാധിച്ചുവെന്ന് അറിയാതെ തന്നെ യൂറോപ്പിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. ഫ്രാൻസും യുകെയും കൂടാതെ എബോള വൈറസ് പിടിപെടാനുള്ള 40 ശതമാനം സാധ്യതയുമായി ബെൽജിയമാണ് മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. അതേസമയം സ്‌പെയിൻ, സ്വിറ്റ്‌സർലണ്ട് എന്നിവിടങ്ങളിൽ എബോള വൈറസ് ബാധയ്ക്ക് ഏറ്റവും സാധ്യത കുറവാണ്. 14 ശതമാനം മാത്രമാണ് ഇവിടെ സാധ്യതയുള്ളതായി ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.