ഷാർജ: പതിനേഴര വയസ് പൂർത്തിയാക്കിയ സീനിയർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാമെന്ന് ഷാർജ പൊലീസ്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ അനുമതി നൽകിയത് ഏറെ ആവേശത്തോടെയാണ് വിദ്യാർത്ഥി സമൂഹം സ്വീകരിച്ചിരിക്കുന്നത്.

പൊതുജനത്തിനുള്ള സർവീസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ചെറുപ്രായത്തിൽ തന്നെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനുള്ള അനുമതി നൽകിയിരിക്കുന്നതെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. അതേസമയം ഡ്രൈവിങ് ലൈസൻസിന് അപേക്ഷ നൽകുമ്പോൾ മാതാപിതാക്കളുടെ സമ്മത പത്രം വേണമെന്നുള്ളത് അത്യാവശ്യമാണ്.

സമ്മറിൽ ഡ്രൈവിങ് ലൈസൻസിനുള്ള നീണ്ട ക്യൂ കുറയ്ക്കാനാണ് ഈ പുതിയ സംരംഭം പ്രഖ്യാപിച്ചതെന്ന് വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഷാർജ പൊലീസ് വ്യക്തമാക്കി. കൂടാതെ ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്കു മേലുള്ള സമ്മർദം കുറയ്ക്കാനുമാണ് ഇതിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.