ഡബ്ലിൻ: 202-ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ആകുമെന്ന് കമ്യൂണിക്കേഷൻ മിനിസ്റ്റർ അലക്‌സ് വൈറ്റ്. ഐറീഷ് വാട്ടറിൽ സംഭവിച്ചതുപോലെയുള്ള പാകപ്പിഴകൾ ഇക്കാര്യത്തിൽ സംഭവിക്കാൻ അനുവദിക്കില്ലെന്നും ഈ പ്രോജക്ട് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 

നഗരങ്ങളിലുള്ളവർക്കെന്ന പോലെ തന്നെ ഗ്രാമവാസികൾക്കും ബ്രോഡ്ബാൻഡ് ഒരു അത്യാവശ്യ വസ്തുവായി തന്നെ മാറിയിരിക്കുകയാണെന്നും വിവരസാങ്കേതിക രംഗത്ത് എല്ലാവർക്കും ഒരുപോലെ തന്നെ ഇത് പ്രാപ്യമാക്കുമെന്നും അലക്‌സ് വൈറ്റ് ചൂണ്ടിക്കാട്ടി. എന്നാൽ ഉടൻ തന്നെ ഇതു നടപ്പിലാക്കുമെന്ന് വാക്കു നൽകുന്നില്ലെന്നും ഭാവിയിൽ മെച്ചപ്പെട്ട, ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഏവർക്കും പ്രതീക്ഷിക്കാമെന്നും മന്ത്രി പറയുന്നു.

രാജ്യത്ത് നിലവിൽ ആറു ലക്ഷത്തോളം വീടുകളും ഒരു ലക്ഷത്തോളം ബിസിനസ് സ്ഥാപനങ്ങളും ഇപ്പോഴും ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇല്ലാത്തതായിട്ടുണ്ട്. 2016 അവസാനത്തോടെ ഡബ്ലിനിലുള്ള മിക്കവർക്കും ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ലഭ്യമാക്കും. റോസ്‌കോമണിലെ 64 ശതമാനത്തോളം ആൾക്കാർക്കും ഇപ്പോഴും ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമല്ല.

ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സംബന്ധിച്ചുള്ള ജോലികൾ അടുത്ത വർഷം തന്നെ ആരംഭിക്കും. ടെൻഡർ വിളിച്ചു കഴിഞ്ഞാൽ മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ പണി തീർക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഒന്നിലധികം കമ്പനികൾക്ക് ഇതുസംബന്ധിച്ചുള്ള ടെൻഡർ നൽകാൻ താത്പര്യമാണെന്നും മന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.