ഓസ്ലോ: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഒമ്പത് വൻ നഗരങ്ങളിൽ ഹൈ സ്പീഡ് ബൈക്ക് ലെയ്‌നുകൾ കൊണ്ടുവരാൻ നീക്കം. ബൈസൈക്കിൾ എക്സ്‌പ്രസ് വേ എന്ന പേരിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ ലെയ്‌നുകളിലൂടെ സൈക്കിൾ യാത്രക്കാർക്ക് മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ സ്പീഡിൽ പായാൻ സാധിക്കും. ഇതു സംബന്ധിച്ച പദ്ധതികൾ നാഷണൽ ട്രാൻസ്‌പോർട്ട് പ്ലാൻ ആണ് പുറത്തിറക്കിയിരിക്കുന്നത്.

പ്രധാന നഗരമായ ഓസ്ലോയ്ക്ക് ഇത്തരത്തിൽ പുതിയ രണ്ട് ബൈസൈക്കിൾ എക്സ്‌പ്രസ് വേകളും മറ്റു നഗരങ്ങൾക്ക് ഓരോ ബൈസൈക്കിൾ എക്സ്‌പ്രസ് വേകളുമാണ് അനുവദിക്കുക.  നോർവേ നഗരങ്ങളിൽ പുകമാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നതിന്റെ തോത് കുറയ്ക്കുന്നതിനാണ് ഇത്തരത്തിൽ എക്സ്‌പ്രസ് വേകളിലും കാൽനട യാത്രക്കാർക്കുള്ള ലെയ്‌നുകൾക്കും മുതൽ മുടക്കുന്നതെന്ന് നോർവീജിയൻ പബ്ലിക് റോഡ്‌സ് അഡ്‌മിനിസ്‌ട്രേഷൻ ഡയറക്ടർ ടെർജ് മോ ഗുസ്ത്വാസ്ൻ വ്യക്തമാക്കി.

ഒമ്പത് നഗരങ്ങളിലും പൊതുജനങ്ങളുടെ ദിവസേനയുള്ള യാത്രാ മാർഗം  സൈക്കിൾ ആക്കി പത്തു മുതൽ 20 ശതമാനം വരെ ഉയർത്തുകയെന്നതാണ് പുതിയ ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ക്രിസ്ത്യൻസാൻഡ് മാത്രമാണ് ഇത്തരത്തിൽ ഇതിനോട് അടുത്തെത്തിയിരിക്കുന്നത്. ഇവിടെ എട്ടു ശതമാനത്തോളം യാത്രക്കാർ തങ്ങളുടെ യാത്രാമാർഗമായി ഇരുചക്രവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഓസ്ലോ കൂടാതെ Bergen, Trondheim, Nord-Jæren, Nedre Glomma, Buskerudbyen, Grenland, Kristiansand Tromsø എന്നീ നഗരങ്ങൾക്കാണ് സൈക്കിൾ എക്സ്‌പ്രസ് വേകൾ ലഭ്യമാകുന്നത്. 2030-ഓടെ രാജ്യത്തെ അന്തരീക്ഷ മലിനീകരണം നിലവിലുള്ളതിന്റെ പകുതിയാക്കാനാണ് നാഷണൽ ട്രാൻസ്‌പോർട്ട് പ്ലാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.