വിയന്ന: സയൻസ് ഫിക്ഷനുകളിൽ മാത്രം കേട്ടു പരിചയമുള്ള ഒരു ട്രാൻസ്‌പോർട്ട് സംവിധാനം സാക്ഷാത്ക്കരിക്കാൻ പോകുന്നു. വിയന്നയ്ക്കും ബ്രാറ്റിസ്ലാവയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ വെറും എട്ടു മിനിട്ടു മാത്രം വേണ്ടി വരുമെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാലിനി വിശ്വസിക്കാതെ തരമില്ല. 2020-ആകുമ്പോഴേയ്ക്കും ഈ എട്ടു മിനിട്ട് യാത്ര സഫലമാക്കാനുള്ള പുറപ്പാടിലാണ് അധികൃതർ.

ഹൈപ്പർലൂപ്പ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജീസും സ്ലൊവാക്യയും തമ്മിലുള്ള കരാർ അനുസരിച്ചാണ് മണിക്കൂറിൽ 700 മൈൽ വേഗത്തിലോടുന്ന ട്രെയിൻ യാഥാർഥ്യമാകുന്നത്. ട്യൂബ് പോലെയുള്ള ട്രാൻസ്‌പോർട്ടേഷൻ സംവിധാനമാണിത്. 2020- ആകുമ്പോഴേയ്ക്കും പരീക്ഷാണാടിസ്ഥാനത്തിൽ ഈ യാത്ര ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.

സെമി വാക്വം ട്യൂബ് പോലെയുള്ള കാബിനുകളാണ് ഈ ട്രെയിനിൽ ഉപയോഗിക്കുന്നത്.  ടെസ്ല മോട്ടോഴ്‌സ്, സ്‌പേസ് എക്‌സ് എന്നിവയുടെ തലപ്പത്തിരിക്കുന്ന എൻ മസ്‌ക്ക് എന്നയാളാണ് ഈ പദ്ധതി മുന്നോട്ടു വച്ചത്. ആ ആശയം നടപ്പിലാക്കാൻ പല കമ്പനികളും മുന്നോട്ടു വന്നതോടെ ഇതു പ്രാവർത്തികമാക്കാൻ മസ്‌ക്ക് തീരുമാനിക്കുകയായിരുന്നു. ഈ സംവിധാനം പ്രാവർത്തിമായാൽ മധ്യ യൂറോപ്പിലെ യാത്രാസംവിധാനത്തിൽ വലിയൊരു വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. വിയന്നയിൽ ബ്രാറ്റിസ്ലാവ വരെ എട്ടു മിനിട്ട് യാത്ര പോലെ തന്നെ ബ്രാറ്റിസ്ലാവയിൽ നിന്ന് ബുഡാപെസ്റ്റ് വരെ വെറും 18 മിനിട്ട് എത്താൻ സാധിക്കും.