കൊച്ചി : രാജീവ് വധക്കേസിൽ അഡ്വ.സി.പി. ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഹർജി ആദ്യം പരിഗണിച്ച തന്നെ വിമർശിച്ചെന്ന വാർത്തകൾക്കെതിരെ ജസ്റ്റിസ് പി. ഉബൈദ്. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അദ്ധ്യാപികമാരുടെ മുൻകൂർ ജാമ്യഹർജിയിലെ നടപടികൾ കേൾക്കാൻ കോടതി മുറിയിലെത്തിയ മാധ്യമ പ്രവർത്തകരോടാണു ജഡ്ജി ഇക്കാര്യം പറഞ്ഞത്. പതിവില്ലാത്ത ഇടപെടലാണ് ജസ്റ്റീസ് ഉബൈദ് പറഞ്ഞത്.

ഒരു സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ മറ്റൊരു സിംഗിൾ ബെഞ്ചിനു വിമർശിക്കാൻ അധികാരമില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോ സുപ്രീം കോടതിക്കോ മാത്രമാണു വിമർശിക്കാനും തിരുത്താനും കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ''എല്ലാ ജഡ്ജിമാരും സമന്മാരാണ്, ചീഫ് ജസ്റ്റിസ് അടക്കം. ചീഫ് ജസ്റ്റിസിനു മറ്റു ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ടെന്നു മാത്രം.'' അദ്ദേഹം പറഞ്ഞു.

രാജീവിന്റെ അമ്മ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നൽകിയ പരാതി ജഡ്ജിക്കെതിരെയാണെന്നു ചില ചാനലുകളിലടക്കം വാർത്ത വന്നതിനെ കുറിച്ചും വ്യക്തമായ നിലപാട് അദ്ദേഹത്തിനുണ്ട്. ഒക്ടോബർ മൂന്നിലെ ജുഡീഷ്യൽ ഓർഡറിനെതിരെയാണു പരാതി. അല്ലാതെ ജഡ്ജിക്കെതിരെയല്ല. ജുഡീഷ്യൽ ഓർഡറിനെ വിമർശിക്കുന്നത് എങ്ങനെയാണു ജഡ്ജിക്കെതിരെയാകുക? മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു നീട്ടിവച്ചത് കേസിലെ കക്ഷികളുടെ അഭിപ്രായം പരിഗണിച്ച ശേഷമാണ്. സ്വന്തം താൽപര്യത്തിലല്ല. എന്നിട്ടും ആരോപണമുണ്ടായി-ജസ്റ്റീസ് പറഞ്ഞു.

മുൻകൂർ ജാമ്യം നിഷേധിച്ച സിംഗിൾ ബെഞ്ചിന്റെ വിധിയിലെ ഒരു പരാമർശത്തോടു വിയോജിപ്പുണ്ടെന്നും ജസ്റ്റിസ് പി. ഉബൈദ് വ്യക്തമാക്കി.