കൊച്ചി: സംസ്ഥാനത്തെ സാഹചര്യം ഭീതിതമാണെന്ന് ഹൈക്കോടതി.നമ്മുടെ പോക്ക് എങ്ങോട്ടാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ''ആളുകളുടെ കാൽ വെട്ടിയെടുക്കുന്നു, അതു നടുറോഡിൽ എറിയുന്നു, എത്ര ഭീതിദമായ സാഹചര്യമാണിത്? എവിടേക്കാണ് നമ്മുടെ പോക്ക്?''- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.കഴിഞ്ഞ ദിവസം പന്ത്രണ്ടു പേർ ചേർന്ന ഒരാളെ വെട്ടിക്കൊന്ന് കാൽ വെട്ടി നടുറോഡിൽ എറിഞ്ഞതു പരാമർശിച്ചാണ് കോടതിയുടെ ചോദ്യം.

പട്ടിക വിഭാഗക്കാർക്കു ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ്, കോടതി കഴിഞ്ഞ ദിവസം നടന്ന കൊലപാതകം പരാമർശിച്ചത്. ഭീതിപ്പെടുത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അവർ മയക്കുമരുന്നിന് അടിമകളായിരിക്കാം. എവിടേക്കാണ് നമ്മുടെ പോക്കെന്ന് ചിന്തിക്കണമെന്ന് കോടതി പറഞ്ഞു.

എല്ലാവർക്കും വീടു നൽകുമെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ അവരുടെ ഉപജീവനം സർക്കാർ എങ്ങനെ ഉറപ്പാക്കുമെന്ന് കോടതി ചോദിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അൻപതു ലക്ഷത്തിലേറെ പേർ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവിടത്തുകാർക്കു ജോലിയില്ലാത്ത സ്ഥിതിയുണ്ട്. ഇതാണ് യുവാക്കളെ മയക്കുമരുന്നിലും കുറ്റകൃത്യത്തിലും എത്തിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.