കൊച്ചി: കായൽ കൈയേറിയെന്ന് കാട്ടി മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായി ആലപ്പുഴ ജില്ലാ കളക്ടർ ടി.വി.അനുപമ നല്കിയ രണ്ട് നോട്ടീസും ഹൈക്കോടതി റദ്ദാക്കി. തെറ്റായ സർവേ നമ്പരിൽ നോട്ടീസ് നല്കിയതിന് കോടതി കളക്ടറെ രൂക്ഷമായി വിമർശിച്ചു.

നിരുത്തരവാദപരമായ സമീപനമാണ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി വിമർശിച്ചു. എന്ത് ജോലിയാണ് കളക്ടർ അവിടെയിരുന്ന് ചെയ്യുന്നതെന്നും വിദ്യാർത്ഥിയാണോ കളക്ടർ കസേരയിലിരിക്കുന്നതെന്നും കോടതി ചോദിച്ചു. അടിസ്ഥാനഭൂരേഖകൾ പോലും പരിശോധിക്കാതെയാണ് ജില്ലാ കളക്ടർ നോട്ടീസയച്ചതെന്ന് മനസ്സിലായതായി കോടതി അറിയിച്ചു. തനിക്ക് കാര്യപ്രാപ്തിയില്ലെന്ന് ജില്ലാ കളക്ടർ ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും കോടതി വിമർശിച്ചു.

തോമസ് ചാണ്ടിക്കെതിരെ ആദ്യം നൽകിയ നോട്ടീസ് മറ്റൊരാളുടെ സർവേ നമ്പറിൽ ആയിരുന്നു. ഇത് ബോധ്യപ്പെട്ടതോടെ രണ്ടാമതും നോട്ടീസ് നൽകി. അതിലും സർവേ നമ്പർ തെറ്റിപ്പോയി. തെറ്റ്് സമ്മതിച്ചുകൊണ്ട് കലക്ടർക്ക് വേണ്ടി സ്റ്റേറ്റ് അറ്റോർണി ജനറൽ കോടതിയിൽ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സ്വമേധയാ നോട്ടീസ് പിൻവലിക്കുന്നതായി അറ്റോർണി അറിയിച്ചു.

തനിക്ക് നൽകിയ നോട്ടീസ് മറ്റൊരാളുടെ സർവേ നമ്പറിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയാണ് ?കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിലാണ് കോടതി ശക്തമായ ഭാഷയിൽ കലക്ടറെ വിമർശിച്ചത്.

ജില്ലാ കലക്ടറുടെ കസേരയിൽ ഇരുന്ന് ഇത്തരത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കരുത്. അർഹതയില്ലാതെയാണോ ആ കസേരയിൽ ഇരിക്കുന്നത്. ജില്ലാ കലക്ടർക്ക് കാര്യപ്രാപ്തിയില്ല. കലക്ടറുടെ കസേരയിൽ ഇരിക്കുന്നത് വിദ്യാർത്ഥിയാണോ എന്നും കോടതി വിമർശിച്ചു. ഒരു വ്യക്തിക്ക് മറ്റൊരാളുടെ സർവേ നമ്പറിൽ എങ്ങനെ നോട്ടീസ് നൽകാൻ കഴിയുമെന്നും കോടതി ആരാഞ്ഞു.

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിൽ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ സാധുത വരെ ചോദ്യം ചെയ്യപ്പെടുന്നതാണ് കോടതിയിൽ നിന്നുണ്ടായ ഇന്നത്തെ വിമർശനം. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥലത്തിന്റെ പേരിലാണ് ജില്ലാ കളക്ടർ നോട്ടീസ് നല്കിയത്. ആദ്യം നല്കിയ നോട്ടീസ് തെറ്റാണെന്ന് കണ്ട് വീണ്ടും നോട്ടീസ് നല്കി. എന്നാൽ അതിലും സർവേ നമ്പർ തെറ്റായിരുന്നു.