- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യ-സാമ്പത്തിക സർവേ: സർക്കാരിന് വ്യക്തമായ നിലപാട് വേണമെന്ന് ഹൈക്കോടതി

കൊച്ചി: എല്ലാ സമുദായങ്ങളിലെയും സാമൂഹ്യ-സാമ്പത്തിക സ്ഥിതി കണ്ടെത്താൻ സമഗ്ര സർവേ നടത്തണമെന്ന ജസ്റ്റിസ് എ. വി. രാമകൃഷ്ണപിള്ള കമ്മിഷന്റെ ശുപാർശയിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഹൈക്കോടതി. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ സാമ്പിൾ സർവേ നടത്താനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ.
വിശദീകരണം നൽകാൻ സർക്കാർ പത്തു ദിവസം സമയം തേടിയതിനെ തുടർന്ന് ഹർജി ഈ മാസം 22 ലേക്ക് മാറ്റി. ഓരോ വാർഡിലെയും മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ചു വീടുകൾ തിരഞ്ഞെടുത്ത് സർവേ നടത്തുന്ന രീതിയെയാണ് എൻ.എസ്.എസ് എതിർക്കുന്നത്.
സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താൻ സമഗ്ര സർവേ അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട സിംഗിൾബെഞ്ച് സർക്കാരിന്റെ നിലപാടു തേടുകയായിരുന്നു. കക്ഷി ചേരാൻ സമസ്ത നായർ സമാജം ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ നൽകിയ ഉപഹർജിയെ എൻ.എസ്.എസ് എതിർത്തു.

