കൊച്ചി: ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ കരുനീക്കം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടിലായി. സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ കുറിപ്പ് ഇറക്കിയ നടപടിയെയാണ് കോടതി വിമർശിച്ചത്. മുഖ്യമന്ത്രിയുടെ നടപടി അനുചിതമായി പോയെന്നും കോടതി വാക്കാൽ വിലയിരുത്തി.

വ്യക്തിയെന്ന നിലയിൽ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകാൻ പാടില്ല. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കോടതി പറഞ്ഞു. വിചാരണയ്ക്ക് മുൻപ് കുറ്റക്കാരനെന്ന നിലയിൽ നിഗമനങ്ങളിൽ എത്തുന്നത് എങ്ങനെയാണെന്നും ഹൈക്കോടതി ചോദിച്ചു. സോളാർ ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടിയും ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.

കമ്മിഷനുകളുടെ കണ്ടെത്തലുകൾ നിഗമനങ്ങൾ മാത്രമാണ്. ആ നിലയ്ക്ക് ആരോപണ വിധേയർ കുറ്റക്കാരാകുന്നത് എങ്ങിനെയാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തതേണ്ടതുണ്ട്.  പിന്നീട് ആവശ്യമെങ്കിൽ കേസെടുത്ത് വിചാരണ നടത്താം. ഇതിന് മുൻപ് ഒരു വ്യക്തിയുടെ പ്രതിച്ഛായ തകർക്കുന്ന നിലയിൽ പത്രക്കുറിപ്പ് ഇറക്കിയ നടപടിയെയാണ് കോടതി വിമർശിച്ചത്.

കമ്മീഷൻ റിപ്പോർട്ട് വന്നതിന് പിന്നാലെ പത്രക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി കേസിലെ പ്രതിയായ സരിതയുടെ ആരോപണങ്ങളെ കുറിച്ച് ഹർജിക്കാരന് പറയാനുള്ളത് എന്താണെന്ന് ആരാഞ്ഞിരുന്നോയെന്നും കോടതി ചോദിച്ചു. അതേസമയം, സരിത കത്തിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ആരോപണങ്ങൾ മാത്രമാണെന്നും അതിനെ സാധൂകരിക്കുന്ന യാതൊരു തെളിവും ഇല്ലെന്നും ഉമ്മൻ ചാണ്ടിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാരിന് നോട്ടീസ് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സരിതയുടെ കത്ത് രാഷ്ട്രീയ, മാധ്യമ ചർച്ചയ്ക്ക് വിധേയമാക്കുന്നത് വിലക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ പീഡന കേസെടുക്കാൻ രംഗത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് വിനയായത് എജിയുടെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശങ്ങളാണ്. ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കമ്മിഷൻ റിപ്പോർട്ടിന്മേൽ കടുത്ത നടപടിക്ക് ശുപാർശ ചെയ്തത് ഇവരായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ പീഡനക്കേസ് എടുക്കണമെന്നായിരുന്നു ഇരുവരും നൽകിയ ശുപാർശ. ഒക്ടോബർ പതിനൊന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നു പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച നിയമോപദേശം ഇരുവരും നൽകിയതാകട്ടെ, ഒക്ടോബർ പത്തിനും. മതിയായ തെളിവില്ലാതെ കേസ് എടുക്കരുതെന്ന് സുപ്രീം കോടതി അഭിഭാഷകൻ അരിജിത് പസായത് നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അതേസമയം സോളാർ കമ്മിഷന്റെ വ്യാജക്കത്ത് അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് സ്വേച്ഛാപരമാണെന്നും കത്തിലെ ആരോപണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള കമ്മിഷൻ റിപ്പോർട്ടിലെ പരാമർശങ്ങളും നീക്കണമെന്നും ഉമ്മൻ ചാണ്ടി ഹർജിയിൽ ആവശ്യപ്പെടുന്നു. കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷൻ സർക്കാർ ഏൽപിച്ച പരിഗണനാ വിഷയങ്ങൾ മറികടന്നുവെന്നാണ് ഹർജിയിലെ മറ്റൊരു പ്രധാന ആക്ഷേപം.

വിഷയവുമായി ബന്ധപ്പെട്ട് മുതിർന്ന് അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരാകുന്നത്. നാളെയാണ് ഇദ്ദേഹം ഹാജരാവുക. ഹർജി ഉച്ചകഴിഞ്ഞ് 1.45 ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗമാണ് ഉച്ചകഴിഞ്ഞ് കേൾക്കുക. കമ്മീഷനിൽ ആക്ഷേപം ഉണ്ടെങ്കിൽ അന്ന് ഉയർത്താത്തത് എന്തുകൊണ്ടെന്നു കോടതി ഉമ്മൻ ചാണ്ടിയോട് ആരാഞ്ഞു.