കൊച്ചി: കെ എസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സമരങ്ങൾ നിർത്തിവെക്കണമെന്ന് കെഎസ്ആർടിസിയിലെ യൂണിയനുകളോട് ഹൈക്കോടതി നിർദേശിച്ചു. കുറച്ചു കാലത്തേക്ക് യൂണിയൻ പ്രവർത്തനങ്ങളും ഒഴിവാക്കണം. ശമ്പള വിഷയത്തിലെ ഹർജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

സംഘടനകൾ സഹകരിച്ചില്ലെങ്കിൽ ശമ്പളം കൃത്യമായി നൽകണമെന്ന ഉത്തരവ് പിൻവലിക്കുമെന്നും കോടതി വ്യക്തമാക്കി. ഭരണപക്ഷ യൂണിയൻ സമരം നടത്തുന്നത് ക്രെഡിറ്റ് കിട്ടാനാണോയെന്നും കോടതി ചോദിച്ചു. എന്തിനായിരുന്നു മനുഷ്യപൂട്ട് സമരം നടത്തിയതെന്നും കോടതി ആരാഞ്ഞു.

കെഎസ്ആർടിസി ചീഫ് ഓഫീസിന് മുന്നിലെ സമരം നിർത്തിവെക്കണം. കെഎസ്ആർടിസിയുടെ പ്രവർത്തനം തടസ്സപ്പെടുത്തരുത്. ഒരു ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുത്. ധർണ നിർത്തിയിട്ട് വാദേ കേൽക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഇതേത്തുടർന്ന് സമരം നിർത്താമെന്ന് തൊഴിലാളി യൂണിയനുകൾ ഹൈക്കോടതിയെ അറിയിച്ചു. ഓഫീസിന് മുന്നിൽ സമരങ്ങൾ ഉണ്ടാകില്ലെന്ന യൂണിയനുകളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.