സ്വാശ്രയവിഷയത്തിൽ സർക്കാരിനും മാനേജ്‌മെന്റിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുട്ടികളുടെ അവസ്ഥ ആരും മനസിലാക്കുന്നില്ലെന്നും കുട്ടികളെയും രക്ഷിതാക്കളെയും പറ്റി ആരും ചിന്തിക്കുന്നില്ലെന്നും കോടതി പറഞ്ഞു . ഫീസ് പ്രശ്‌നം ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു. ലളിതമായി പരിഹരിക്കേണ്ട പ്രശ്‌നം സങ്കീർണമാക്കി . എൻആർഐ സീറ്റിൽ കൂടുതൽ ഫീസ് വാങ്ങാമെന്ന സുപ്രീംകോടതി വിധിയും പാലിക്കുന്നില്ലെന്നും കോടതി പറഞ്ഞു .

കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസിനു പരമാവധി 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാമെന്ന സുപ്രീം കോടതി വിധിയിലേക്ക് കാര്യങ്ങളെത്തിച്ചത് സംസ്ഥാന സർക്കാരിന്റെ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും കേസ് നടത്തിപ്പിലെ വീഴ്ചയും. ഹൈക്കോടതിയിൽ മറ്റു രണ്ടു കേസുകളിൽ ഉണ്ടായ തിരിച്ചടിയും ഇതിന് തെളിവാണ്. സർക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് 11 ലക്ഷം രൂപവരെ ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതുവരെയാണ് സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുക.

സ്വാശ്രയ മെഡിക്കൽ കോേളജുകളിൽ ഫീസ് നിർണയസമിതി തീരുമാനിച്ച അഞ്ചുലക്ഷം രൂപ ഈടാക്കി പ്രവേശനവുമായി മുന്നോട്ടുപോകാമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനെതിരേ കോഴിക്കോട് കെ.എം.സി.ടി. കോേളജ്, പറവൂർ എസ്.എൻ. കോേളജ്, സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്നുമാസത്തിനകം അന്തിമവിധി പുറപ്പെടുവിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം നൽകണമെന്ന സർക്കാരിന്റെ വാദം ജഡ്ജിമാരായ എസ്.എ. ബോബ്‌ഡെ, നാഗേശ്വർ റാവു എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. ഫീസ് നിർണയം, സർക്കാരുണ്ടാക്കിയ കരാർ എന്നിവയിലെ അന്തിമവാദം ഹൈക്കോടതിയിൽ ഈമാസം 21-ന് നടക്കും. സർക്കാരുമായി കരാർ ഒപ്പിടാത്ത കോളേജുകൾക്കാണ് ഇതിന്റെ ഗുണം. ഒപ്പിട്ട കോളേജുകൾക്ക് 5 ലക്ഷമോ കിട്ടൂ. ഇതോടെ അടുത്ത വർഷം മുതൽ ആരും സർക്കാരുമായി കരാർ ഒപ്പിടില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.