കൊച്ചി: ഭൂമി വിഷയങ്ങളിൽ തുടർച്ചയായി തിരിച്ചടികൾ നേരിടുന്ന സംസ്ഥാന സർക്കാറിന് കോടതിയിൽ നിന്നം മറ്റൊരു പ്രഹരം കൂടി. ഭൂമിയുടെ ഡേറ്റ ബാങ്ക് അന്തിമമല്ലാത്ത പ്രദേശങ്ങളിലെ നികത്തു ഭൂമി ക്രമപ്പെടുത്താനുള്ള അപേക്ഷകളിൽ തുടർ നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എന്നാൽ ഡേറ്റാ ബാങ്ക് അന്തിമമാക്കിയ പ്രദേശങ്ങളിലെ ഇത്തരം അപേക്ഷകളിൽ നിയമപരമായ നടപടികൾ തുടരാമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഭൂമി വിലയുടെ 25 ശതമാനം തുക പിഴയായി സ്വീകരിച്ച് 2008 ന് മുമ്പ് നികത്തിയ നെൽവയലുകൾ ക്രമപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് അനുമതി നൽകുന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചോറ്റാനിക്കര തിരുവാങ്കുളം ആസ്ഥാനമായുള്ള നേചർ ലവേഴ്‌സ് എന്ന സംഘടനയുടെ ഹർജി ഡിവിഷൻ ബെഞ്ച് മധ്യവേനലവധിക്കു ശേഷം വീണ്ടും പരിഗണിക്കും.

കൃഷി സാധ്യമല്ലാത്ത തരത്തിൽ 2008 ന് മുമ്പ് നികത്തിയ നെൽപാടങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്ന തരത്തിൽ കരഭൂമിയാക്കി ക്രമപ്പെടുത്തി നൽകാൻ കഴിഞ്ഞ വർഷമാണ് ധനകാര്യ വകുപ്പ് നിയമസഭയിൽ ബിൽ കൊണ്ടു വന്നത്. ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം ഈടാക്കി ഭൂമി ക്രമപ്പെടുത്തി നൽകുന്നതിലൂടെ സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാനാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഭേദഗതി കൊണ്ടുവന്നത്.

എന്നാൽ സംസ്ഥാനത്തെ 677 പഞ്ചായത്തുകളിൽ കരട് ഡേറ്റാ ബാങ്ക് പോലും നിലവിലില്ലെന്നും ഈ സാഹചര്യത്തിൽ നികത്തിയ നിലങ്ങൾ വൻതോതിൽ അനധികൃതമായി ക്രമപ്പെടുത്തിയെടുക്കാൻ വഴിയൊരുങ്ങുമെന്നും ആരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയിലെത്തിയത്. എറണാകുളം ജില്ലയിൽ മാത്രം ഭൂമി ക്രമപ്പെടുത്താൻ 20,000 ലേറെ അപേക്ഷകൾ കളക്ടർക്ക് ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു.