കൊച്ചി: ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചുകൊണ്ട് ലാബ് ഉടമകളും ഇൻഷുറൻസ് കമ്പനിയും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. 1700 രൂപയുണ്ടായിരുന്ന ആർടിപിസിആർ നിരക്ക് സർക്കാർ ഉത്തരവിലൂടെ 500 രൂപയാക്കി കുറച്ചിരുന്നു.

നിരക്ക് പുനഃപരിശോധിക്കാൻ സർക്കാരിനോട് നിർദേശിച്ചു. സേവനം നിഷേധിക്കുന്ന ലാബുകൾക്കെതിരെ നടപടി എടുക്കണമെന്ന സർക്കാർ നിർദേശവും കോടതി റദ്ദാക്കി.

ലാബുകളുമായി ചർച്ചചെയ്ത് ഇരുകൂട്ടർക്കും യോജിക്കാൻ കഴിയുന്ന തരത്തിൽ നിരക്ക് നിശ്ചയിക്കാൻ കോടതി നിർദേശിച്ചു. ഏകപക്ഷീയമായി സർക്കാരിന് ഒരു തീരുമാനമെടുക്കാൻ കഴിയില്ലെന്ന സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്.

500 രൂപ നിരക്കിൽ പരിശോധന നടത്തുന്ന സ്വകാര്യ ലാബുകൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കണമെന്ന ഉത്തരവും സർക്കാർ ഇറക്കിയിരുന്നു. ഈ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഇതോടെ സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് കൂടും.

ലാബ് ഉടമകളുമായി കൂടിയാലോചിച്ച ശേഷം നിരക്ക് സംബന്ധിച്ച പുതിയ ഉത്തരവ് മൂന്നാഴ്ചക്കകം ഇറക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.