കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ സിപിഐഎം നേതാവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. എറണാകുളം ജില്ലാക്കോടതിയിലും ഹൈക്കോടതിയും സർക്കാർ സക്കീർ ഹുസൈന്റെ ജാമ്യത്തെ എതിർത്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ സക്കീർ ഒരാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്നും കോടതി പറഞ്ഞു. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ വി.എ സക്കീർ ഹുസൈൻ ഇപ്പോൾ ഒളിവിലാണ്. വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീർ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സക്കീറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് നേരത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും സക്കീർ ഹുസൈനെ സിപിഐഎം മാറ്റിയിരുന്നു.

സക്കീർ ഉൾപ്പെട്ട കേസിൽ രണ്ടാം പ്രതി മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തുകയും യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്റ്റിലാകുകയും ചെയ്ത മുൻ ഡിവൈഎഫ്ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ്.

തട്ടിക്കൊണ്ടുപോകലിനും ഭീഷണിപ്പെടുത്തിയതിലുമാണ് സിദ്ദീഖിനെതിരെ കേസ്. വെണ്ണല സ്വദേശിയും മുൻ ബാങ്ക് ഉദ്യോഗസ്ഥനും ഇപ്പോൾ ബിസിനസുകാരനുമായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതി അന്വേഷണത്തിനായി പൊലീസിനു കൈമാറുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കൂടിയാണ് സക്കീർ.