- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പമ്പയിലെ മണൽ നീക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന സർക്കാർ; ദുരന്തനിവാരണ നിയമപ്രകാരം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ജില്ലാകളക്ടർക്ക് അധികാരമുണ്ടെന്നും വിശദീകരണം; പമ്പയിലെ മണൽ കടത്തു സംബന്ധിച്ച വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: പമ്പയിലെ മണൽ കടത്തു സംബന്ധിച്ച വിജിലൻസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. രണ്ട് മാസത്തേക്ക് ആണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ കൊടുത്ത ഹർജിയിലാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റ് 26നാണ് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്താണ് സർക്കാരിനു വേണ്ടി വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയെ സമീപിച്ചത്.
ദുരന്തനിവാരണ നിയമപ്രകാരം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ജില്ലാകളക്ടർക്ക് അധികാരമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ദുരന്തം ഒഴിവാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പമ്പയിലെ മണൽ നീക്കാൻ തീരുമാനിച്ചത് എന്നും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഇതേതുടർന്ന് വിജിലൻസ് അന്വേഷണം തൽക്കാലത്തേക്ക് ഹൈക്കോടതി തടയുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം ഇക്കാര്യത്തിൽ വിശദമായ വാദം കേട്ടതിന് ശേഷം ഹൈക്കോടതി അന്തിമ തീരുമാനത്തിലേക്ക് എത്തും.
കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 2018 ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനാണ് കണ്ണുരിലെ കേരള ക്ലേസ് ആൻറ് മിനറൽസിന് കലക്ടർ അനുമതി നൽകിയത്. പമ്പ മണൽക്കടത്ത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിൽ ഒന്നാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കണമെന്ന് ചെന്നിത്തല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിജിലൻസ് അന്വേഷണം സർക്കാർ തള്ളി. മണൽനീക്കൽ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടിയാണെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയത്.
എന്നാൽ പിന്നീട് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രൊഡക്റ്റ്സ് ലിമിറ്റഡിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഈ അനുമതിയുടെ മറവിൽ ക്ലേയ്സ് ആൻഡ് സെറാമിക്സ് കമ്പനി മറ്റു സ്വകാര്യ കമ്പനികൾക്ക് മണ്ണ് മറച്ചുവിൽക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. പത്തനംതിട്ട ജില്ലാ കലക്ടറാണ് അനുമതി നൽകിയത്. ഇതിൽ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു.
മറുനാടന് ഡെസ്ക്